മോസ്കോ: റഷ്യയിലെ ശാസ്ത്രജ്ഞർ ക്യാൻസറിനുള്ള വാക്സിൻ വികസിപ്പിക്കുന്നതിനുള്ള അവസാന ഘട്ടത്തിലാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. വാക്സിൻ ഉടൻ രോഗികളിലേയ്ക്ക് എത്തിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ആധുനിക സാങ്കേതികവിദ്യകള്‍ സംബന്ധിച്ച്
ചർച്ച ചെയ്യുന്ന മോസ്കോ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു റഷ്യന്‍ പ്രസിഡന്റ്. അതേസമയം, ഏത് തരം ക്യാൻസറിനുള്ള വാക്സിനാണ് കണ്ടുപിടിച്ചതെന്നോ അതെങ്ങനെയാണ് ഫലപ്രദമാവുകയെന്നോ പുടിൻ വ്യക്തമാക്കിയിട്ടില്ല.
നിരവധി രാജ്യങ്ങളും കമ്പനികളും ക്യാൻസർ വാക്സിനുകൾ വികസിപ്പിക്കാനുള്ള പരീക്ഷണങ്ങള്‍ ഇതിനോടകം നടത്തിവരുന്നുണ്ട്. ക്ലിനിക്കൽ പരീക്ഷണങ്ങൾക്കായി ജർമ്മനി ആസ്ഥാനമായി പ്രവർത്തിക്കുന്ന ബയോഎൻടെക്കുമായി യുകെ സർക്കാർ കഴിഞ്ഞ വർഷം കരാറിൽ ഒപ്പുവച്ചു. 2030ഓടെ 10,000 രോഗികളെ ചികിത്സിക്കുകയാണ് ലക്ഷ്യം. മരുന്ന് കമ്പനികളായ മോഡേണയും മെർക്ക് ആൻഡ് കോയും ക്യാൻസർ വാക്സിൻ വികസിപ്പിച്ചെടുക്കാനുള്ള ഗവേഷണത്തിലാണ്.
ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പ്രകാരം സെർവിക്കൽ ക്യാൻസർ ഉൾപ്പെടെ നിരവധി അർബുദങ്ങൾക്ക് കാരണമാകുന്ന ഹ്യൂമൻ പാപ്പിലോമ വൈറസുകൾക്കെതിരെ (എച്ച്പിവി) നിലവിൽ ആറ് വാക്സിനുകൾ ഉണ്ട്. കൂടാതെ കരളിലെ ക്യാൻസറിലേക്ക് നയിച്ചേക്കാവുന്ന ഹെപ്പറ്റൈറ്റിസ് ബി (എച്ച്ബിവി) ക്കെതിരായ വാക്സിനുകളുമുണ്ട്.
കൊവിഡ് മഹാമാരിയുടെ കാലത്ത് റഷ്യ സ്വന്തമായി സ്പുട്നിക് വാക്സിൻ വികസിപ്പിച്ചിരുന്നു. നിരവധി രാജ്യങ്ങൾക്ക് വിൽക്കുകയും ചെയ്തു. വാക്സിൻ സുരക്ഷിതമാണെന്ന് ഉറപ്പാക്കാൻ പുടിൻ ഈ വാക്സിൻ എടുക്കുകയുണ്ടായി.
Post Your Comments