ഹൈദരാബാദ്: യുവാക്കൾക്കിടയിൽ ഹുക്ക ആസക്തി വർദ്ധിച്ചതോടെ നടപടി കടുപ്പിച്ച് തെലങ്കാന. ഹുക്ക പാർലറുകൾ നിരോധിച്ച് കൊണ്ടുള്ള ബില്ലാണ് തെലങ്കാന നിയമസഭ പാസാക്കിയിരിക്കുന്നത്. ഹുക്ക പാർലറുകളുടെ പ്രവർത്തനത്തിന് തെലങ്കാന ഹൈക്കോടതി നേരത്തെ തന്നെ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നടപടി.
ഹൈദരാബാദിൽ ഹുക്ക ഷോപ്പ് പ്രവർത്തിപ്പിക്കാൻ സിറ്റി പോലീസിൽ നിന്നും മുൻസിപ്പൽ വകുപ്പിൽ നിന്നും പ്രത്യേകമായ അനുമതി ആവശ്യമാണെന്ന് തെലങ്കാന ഹൈക്കോടതി ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മിക്ക ആളുകളും ഹോട്ടൽ/റസ്റ്റോറന്റ് ലൈസൻസിന്റെ മറവിൽ ഹുക്ക പാർലറുകൾ പ്രവർത്തിപ്പിച്ചതോടെയാണ് ഹൈക്കോടതി ഇത്തരമൊരു ഉത്തരവ് പുറത്തിറക്കിയത്.
ഹുക്ക വലിക്കുന്നത് സിഗരറ്റിനേക്കാൾ ആയിരം ദോഷമാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഹുക്ക വലിക്കുമ്പോൾ കാർബൺ മോണോക്സൈഡ്, കാർസിനോജൻ തുടങ്ങിയ വിഷപദാർത്ഥങ്ങളാണ് ശ്വാസകോശത്തിലേക്ക് നേരിട്ടെത്തുന്നത്. ഇവ ആരോഗ്യത്തിന് ഏറെ ഹാനികരമാണ്. യുവാക്കൾക്കിടയിൽ ഹുക്ക ആസക്തി വലിയ തോതിൽ വർദ്ധിച്ചതോടെ ദിവസങ്ങൾക്കു മുൻപ് കർണാടക സർക്കാർ ഹുക്കയുടെ വിൽപ്പനയും ഉപഭോഗവും നിരോധിച്ചിരുന്നു.
Post Your Comments