സ്വർണത്തിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്കുള്ള പദ്ധതിയായ സോവറിൻ ഗോൾഡ് ബോണ്ടിന്റെ വിൽപ്പന ആരംഭിച്ചു. നടപ്പ് സാമ്പത്തിക വർഷത്തെ നാലാം സീരീസിന്റെ വിൽപ്പനയാണ് ആരംഭിച്ചിരിക്കുന്നത്. ഭൗതികമായി സ്വർണം വാങ്ങുന്നതിന് പകരം, അതേ മൂല്യമുള്ള കടപത്രങ്ങളിൽ നിക്ഷേപിച്ച് മികച്ച നേട്ടം സ്വന്തമാക്കാൻ സഹായിക്കുന്ന പദ്ധതിയാണ് സോവറിൻ ഗോൾഡ് ബോണ്ടുകൾ. ഫെബ്രുവരി 16 വരെ ഉപഭോക്താക്കൾക്ക് ബോണ്ടുകൾ വാങ്ങാൻ സാധിക്കും. ഗ്രാമിന് 6263 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. ഓൺലൈനിലൂടെ അപേക്ഷിക്കുന്നവർക്കും പണം അടയ്ക്കുന്നവർക്കും ഗ്രാമിന് 50 രൂപയുടെ ഡിസ്കൗണ്ട് വാഗ്ദാനം ചെയ്യുന്നുണ്ട്.
സബ്സ്ക്രിപ്ഷൻ കാലാവധിക്ക് മുൻപുള്ള ആഴ്ചയിലെ അവസാന മൂന്ന് ദിവസങ്ങളിലെ ഇന്ത്യൻ ബുള്ള്യൻ ആൻഡ് ജ്വല്ലേഴ്സ് അസോസിയേഷൻ ലിമിറ്റഡ് പ്രസിദ്ധീകരിക്കുന്ന 999 സംശുദ്ധിയുള്ള സ്വർണത്തിന്റെ ശരാശരി വിലയുടെ അടിസ്ഥാനത്തിലാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില നിശ്ചയിച്ചിട്ടുള്ളത്. ഇന്ത്യൻ പൗരന്മാർ, ഹിന്ദു അവിഭക്ത കുടുംബങ്ങൾ, ട്രസ്റ്റുകൾ, സർവകലാശാലകൾ, ചാരിറ്റബിൾ ഇൻസ്റ്റിറ്റ്യൂഷനുകൾ എന്നിവർക്ക് ഗോൾഡ് ബോണ്ടുകൾ വാങ്ങാവുന്നതാണ്.
8 വർഷമാണ് സ്വർണ ബോണ്ട് നിക്ഷേപത്തിന്റെ കാലാവധി. 5 വർഷങ്ങൾക്കുശേഷം നിബന്ധനകളോടെ നിക്ഷേപം പിൻവലിക്കാനാകും. വാർഷിക പലിശ നിരക്ക് 2.50 ശതമാനമാണ്. നിക്ഷേപ കാലാവധി പൂർത്തിയാകുമ്പോൾ ഉള്ള സ്വർണത്തിന്റെ വിപണി വില അനുസരിച്ചാണ് നിക്ഷേപവും പലിശയും തിരികെ ലഭിക്കുക. ഭൗതിക സ്വർണമല്ലെങ്കിലും, അതേ മൂല്യം തന്നെയാണ് ഗോൾഡ് ബോണ്ടിനും ഉള്ളത്.
Post Your Comments