ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ തലസ്ഥാനത്ത് കോൺഗ്രസിന് ഒരു സീറ്റ് വാഗ്ദാനം ചെയ്ത് എഎപി. എഎപി പഞ്ചാബിലെ 13 സീറ്റിലും മത്സരിക്കുമെന്ന് അരവിന്ദ് കേജ്‌രിവാൾ പ്രഖ്യാപിച്ചത് കഴിഞ്ഞ ആഴ്ചയാണ്. തൊട്ടുപിറകേയാണ് ഡൽഹിയിൽ സഖ്യത്തിന് തയ്യാറാണെന്ന് എഎപി അറിയിച്ചത്. ഡൽഹിയിലെ ഏഴുസീറ്റുകളിൽ ഒന്ന് നൽകാമെന്നാണ് വാഗ്ദാനം.
‘മെറിറ്റ് അടിസ്ഥാനത്തിൽ നോക്കുകയാണെങ്കിൽ കോൺഗ്രസ് പാർട്ടി ഡൽഹിയിൽ ഒരു സീറ്റ് പോലും അർഹിക്കുന്നില്ല. പക്ഷെ സഖ്യത്തിൽ അനുവർത്തിക്കേണ്ട ധർമത്തെ മുൻനിർത്തി ഞങ്ങൾ ഒരു സീറ്റ് കോൺഗ്രസിന് വാഗ്ദാനം ചെയ്യുകയാണ്. കോൺഗ്രസ് ഒരു സീറ്റിലും എഎപി ആറുസീറ്റുകളിലും മത്സരിക്കണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.’ എഎപി എംപി സന്ദീപ് പതക് പറഞ്ഞു.
2019ലെ തിരഞ്ഞെടുപ്പിൽ ഏഴുസീറ്റുകളും ബിജെപി തൂത്തുവാരിയിരുന്നു. കോൺഗ്രസാണ് രണ്ടാമത് കൂടുതൽ വോട്ട് നേടിയത്. എഎപിക്ക് മൂന്നാംസ്ഥാനമായിരുന്നു ഉണ്ടായിരുന്നത്. പക്ഷെ അന്നുമുതൽ ഡൽഹിയിലാണെങ്കിലും പഞ്ചാബിലാണെങ്കിലും മികച്ച പ്രകടനമാണ് എഎപി കാഴ്ചവയ്ക്കുന്നത്. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലും മുനിസിപ്പൽ തിരഞ്ഞെടുപ്പിലും ബിജെപിയെയും കോൺഗ്രസിനെയും എഎപി പരാജയപ്പെടുത്തി. പഞ്ചാബിലെ കോൺഗ്രസ് സർക്കാരിനെ താഴെയിറക്കിയതും എഎപി ആണ്.
ഇന്ത്യ മുന്നണിയിലെ സഖ്യ കക്ഷിയാണ് എഎപിയും കോൺഗ്രസും. ലോക്സഭാ തിരഞ്ഞെടുപ്പിൽ പഞ്ചാബിലും ഡൽഹിയിലും സീറ്റ് വിഭജനം നടത്തുന്നത് സംബന്ധിച്ച ചർച്ചകൾ നേതൃതലത്തിൽ നടന്നുവരികയാണ്. എന്നാൽ എഎപി സംസ്ഥാന ഘടകങ്ങൾക്ക് കോൺഗ്രസിന് സീറ്റ് വിട്ടുകൊടുക്കുന്നതിനോട് യോജിപ്പില്ലെന്നാണ് അറിയുന്നത്.
‘രണ്ടുവർഷങ്ങൾക്ക് മുൻപ് നിങ്ങൾ ഞങ്ങളെ അനുഗ്രഹിച്ചു. 117 സീറ്റുകളിൽ 92 സീറ്റുകളും ഞങ്ങൾക്ക് തന്നു. നിങ്ങൾ ചരിത്രമാണ് പഞ്ചാബിൽ സൃഷ്ടിച്ചത്. ഞാൻ കൈകൾ കൂപ്പി നിങ്ങൾക്ക് മുന്നിൽ വീണ്ടും നിൽക്കുകയാണ്. നിങ്ങളോട് ഒരു അനുഗ്രഹം കൂടി ചോദിക്കുകയാണ്. രണ്ടുമാസത്തിനുള്ളിൽ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കും. പഞ്ചാബിൽ 13 സീറ്റുകളാണ് ഉള്ളത്. ചണ്ഡിഗഡിൽ ഒന്നും. ആകെ 15 സീറ്റുകൾ. അടുത്ത 10–15 ദിവസങ്ങൾക്കുള്ളിൽ എഎപി ഈ 14 സീറ്റുകളിലും സ്ഥാനാർഥികളെ പ്രഖ്യാപിക്കും. വൻഭൂരിപക്ഷത്തോടെ 14 സീറ്റുകളും നേടാൻ നിങ്ങളാണ് സഹായിക്കേണ്ടത്.’ കേജ്‌രിവാൾ പറഞ്ഞു.
Post Your Comments