Latest NewsIndia

ഇലക്ടറൽ ബോണ്ടുകൾ വഴി ബി.ജെ.പിക്ക് ലഭിച്ചത് 1,300 കോടി: കോണ്‍ഗ്രസിന് ഇതിന്റെ ഏഴിലൊന്ന് തുക മാത്രം

ഡൽഹി: 2022-23-ൽ സാമ്പത്തിക വർഷത്തിൽ ഇലക്ടറൽ ബോണ്ടുകൾ വഴി ബി.ജെ.പിക്ക് ലഭിച്ചത് 1,300 കോടി രൂപയെന്ന് റിപ്പോർട്ട്. എന്നാൽ ഇക്കാലയളവിൽ തന്നെ കോണ്‍ഗ്രസിന് ഇലക്ടറൽ ബോണ്ടുകളിലൂടെ കിട്ടിയതാവട്ടെ ഇതിന്റെ ഏഴിലൊന്ന് തുക മാത്രവും. തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച ബി.ജെ.പിയുടെ വാർഷിക ഓഡിറ്റ് റിപ്പോർട്ടിലാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

2022-23 സാമ്പത്തിക വര്‍ഷം ബിജെപിക്ക് സംഭവനയായി ആകെ കിട്ടിയത് 2120 കോടി രൂപയാണ്. ഇതിന്റെ 61 ശതമാനവും ഇലക്ടറൽ ബോണ്ടുകളിലൂടെയാണ്. 2021-22 വ‍ർഷം ബിജെപിക്ക് ലഭിച്ച ആകെ സംഭാവന 1775 കോടിയായിരുന്നു. ആകെ വരുമാനം 1917 കോടിയും. ഇതാണ് ഈ വർഷം ആകെ സംഭാവന 2120 കോടി രൂപയായും ആകെ വരുമാനം 2360.8 കോടിയായും ഉയർന്നത്.

അതേസമയം ഇലക്ടറൽ ബോണ്ടുകളിലൂടെ കോൺഗ്രസിന് കിട്ടിയ തുക കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കുറഞ്ഞിരിക്കുകയാണ്. 2021-22ൽ ആകെ 236 കോടിയായിരുന്നു കിട്ടിയതെങ്കിൽ 2022-23 വ‌ർഷത്തിൽ ഇത് 171 കോടിയായി കുറഞ്ഞു. നിലവിൽ കോൺഗ്രസും ബിജെപിയുമാണ് അംഗീകൃത ദേശീയ രാഷ്ട്രീയ പാർട്ടികൾ.

സംഭാവനകള്‍ക്ക് പുറമെ പലിശ ഇനത്തിൽ ബിജെപിക്ക് 237 കോടി രൂപ കിട്ടിയെന്നും കണക്കുകള്‍ പറയുന്നു. 2021-22 വര്‍ഷം ഇത് 135 കോടിയായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണം സംബന്ധിച്ച ചെലവുകളിൽ ബിജെപി വിമാനങ്ങളും ഹെലികോപ്റ്ററുകളും വാടകയ്ക്ക് എടുക്കാൻ കഴിഞ്ഞ വർഷം ചെലഴിച്ചത് 78.2 കോടി രൂപയായിരുന്നു. 2021-22 വര്‍ഷം 117.4 കോടിയായിരുന്നു ഈയിനത്തിലെ ചെലവ്. സ്ഥാനാർത്ഥികൾക്കുള്ള സാമ്പത്തിക സഹായം എന്ന ഇനത്തിൽ 76.5 കോടിയാണ് കഴിഞ്ഞ വ‍ർഷം ബിജെപി ചെലവഴിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button