വൈക്കം: ബ്രാഞ്ച് കമ്മിറ്റി അംഗത്തെ മർദ്ദിച്ച് വാരിയെല്ല് ഒടിച്ച സി.പി.എം. ലോക്കൽ കമ്മിറ്റി അംഗത്തെ സ്ഥാനങ്ങളിൽനിന്നു നീക്കാൻ തലയോലപ്പറമ്പ് ഏരിയ കമ്മിറ്റിയംഗം മറവൻതുരുത്ത് തെക്കുംതറ വീട്ടിൽ ആർ.രതീഷിനെതിരേയാണ് നടപടി. മറവൻതുരുത്ത് ചിറേക്കടവ് ബ്രാഞ്ച് കമ്മിറ്റിയംഗം ഇടവട്ടം എടാട്ട് എ.പി.സനീഷിനെ (46) മർദ്ദിച്ച് വാരിയെല്ല് ഒടിച്ച സംഭവം വിവാദമായതിനെ തുടർന്നാണ് നടപടി.
സനീഷിന്റെ പരാതിയിൽ പാർട്ടി ലോക്കൽ കമ്മിറ്റി അന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണ റിപ്പോർട്ട് ശനിയാഴ്ച ചേർന്ന ഏരിയ കമ്മിറ്റി ചർച്ചചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് മറവൻതുരുത്ത് ലോക്കൽ കമ്മിറ്റി അംഗം, ചിറേക്കടവ് ബ്രാഞ്ച് സെക്രട്ടറി, ഇലക്ഷൻ കമ്മിറ്റി ബ്ലോക്ക് സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളിൽനിന്നു നീക്കാൻ തീരുമാനിച്ചത്. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ രതീഷ് തുടരും.
മർദ്ദനം സംബന്ധിച്ച് സനീഷ്, തലയോലപ്പറമ്പ് പോലീസിൽ പരാതി നൽകിയിരുന്നു. സംഭവം നടന്നത് ആലപ്പുഴ മണ്ണഞ്ചേരി പോലീസിന്റെ പരിധിയിലായതിനാൽ ആ പോലീസ് സ്‌റ്റേഷനിലേക്ക് പരാതി കൈമാറി. സനീഷിനോട് മണ്ണഞ്ചേരി പോലീസ് വിവരങ്ങൾ ചോദിച്ചറിഞ്ഞു. പോലീസിൽ നിന്നു നീതിലഭിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് സനീഷിന്റെ തീരുമാനം.
ഒക്ടോബർ 14-ന് ആലപ്പുഴ കലവൂരിൽ രതീഷിന്റെ ഭാര്യവീട്ടിലെ ചടങ്ങിന് ഡ്രൈവറായി പോയപ്പോൾ മർദനമേറ്റതായാണ് സനീഷിന്റെ പരാതി. മറവൻതുരുത്തിലെ സി.പി.എം. പഞ്ചായത്തംഗത്തിനും മറ്റു സുഹൃത്തുക്കൾക്കുമൊപ്പം മുറിയിലിരിക്കുമ്പോൾ രതീഷ് എത്തി ആക്രമിക്കുകയായിരുന്നെന്ന് സനീഷ് പറയുന്നു. മദ്യം ഇരിക്കുന്ന വാഹനത്തിന്റെ താക്കോൽ ഒളിപ്പിച്ചെന്നുപറഞ്ഞ് അടിച്ചുവീഴ്ത്തി വാരിയെല്ല് ചവിട്ടിയൊടിച്ചെന്നാണ് സനീഷ് നൽകിയ പരാതിയിൽ പറയുന്നത്.
Post Your Comments