വയനാട്: മാനന്തവാടി ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങിയതിൽ പരസ്പരം പഴിചാരി കേരളത്തിലെയും കർണാടകത്തിലെയും വനം വകുപ്പുകൾ. കർണാടക വനം വകുപ്പ് റേഡിയോ കോളർ ഘടിപ്പിച്ച് കാട്ടിലേക്ക് തുറന്നുവിട്ട കാട്ടാന ഇന്ന് രാവിലെയാണ് കേരള അതിർത്തി കടന്ന് വയനാട്ടിൽ എത്തിയത്. ആനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടിട്ടുണ്ട്. കാട്ടാനയുടെ റേഡിയോ കോളർ സിഗ്നൽ നൽകാൻ കർണാടക തയ്യാറായില്ലെന്ന് കേരള വനം വകുപ്പ് ആരോപിച്ചു. കൂടാതെ, പലതവണ കത്തയച്ചിട്ടും ആന്റീനയും റിസീവറും ലഭ്യമാക്കിയില്ലെന്നും കേരളം വ്യക്തമാക്കി. എന്നാൽ, കേരളത്തിന്റെ വാദങ്ങൾക്കെതിരെ കർണാടക വനം വകുപ്പും രംഗത്തെത്തിയിട്ടുണ്ട്.
റേഡിയോ കോളർ സിഗ്നൽ ലഭിക്കാൻ ആന്റീനയുടെയും റിസീവറിന്റെയും ആവശ്യമില്ലെന്ന് കർണാടക വനം വകുപ്പ് വ്യക്തമാക്കി. സാറ്റലൈറ്റ് അടിസ്ഥാനപ്പെടുത്തി സിഗ്നൽ നൽകാൻ കഴിയുന്ന റേഡിയോ കോളറാണ് ആനയുടെ കഴുത്തിൽ ഘടിപ്പിച്ചിരിക്കുന്നത്. അതിനാൽ, വനം മന്ത്രാലയത്തിന്റെ കേന്ദ്രീകൃത മോണിറ്ററിംഗ് സംവിധാനത്തിൽ യൂസർ നെയിം, പാസ്‌വേഡ് എന്നിവ നൽകിയാൽ ട്രാക്കിംഗ് വിവരങ്ങൾ ലഭ്യമാകുമെന്ന് കർണാടക വനം വകുപ്പ് അറിയിച്ചു. ഒരാളുടെ ജീവൻ നഷ്ടപ്പെട്ടെങ്കിലും, ആന കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടാക്കാതിരിക്കാനാണ് ഇനി ശ്രദ്ധിക്കേണ്ടതെന്ന് അധികൃതർ വ്യക്തമാക്കി.
Post Your Comments