Latest NewsKerala

വീണയെ ന്യായീകരിച്ച് അണികൾക്ക് സിപിഎം സർക്കുലർ, മുഖ്യമന്ത്രിയെ ഒറ്റതിരിഞ്ഞ് ആക്രമിച്ച് തേജോവധം ചെയ്യുന്നെന്നും നേതൃത്വം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെ ന്യായീകരിച്ച് സിപിഎം സർക്കുലർ. പാർട്ടി സംസ്ഥാന കമ്മിറ്റി കീഴ് ഘടകങ്ങൾക്ക് വിതരണം ചെയ്ത സർക്കുലറിലാണ് വീണയുടെ എക്സാലോജിക് കമ്പനിയെ പാർട്ടി ന്യയീകരിക്കുന്നത്. വ്യക്തമായ കണക്കുകളോടെ ബാങ്കുകളിലൂടെ നടത്തിയ ഇടപാടുകളെ പോലും വക്രീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സർക്കുലറിൽ പറയുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കീഴ്ഘടകങ്ങൾക്കു നൽകിയ സർക്കുലറിലാണ് എക്സാലോജിക്കിനെ സിപിഎം ന്യായീകരിക്കുന്നത്.
നേതാക്കളുടെ കുടുംബത്തിനുനേരെ ഉയർന്ന ആരോപണം രേഖയിലൂടെ കീഴ്ഘടകങ്ങളിൽ വിശദീകരിക്കുന്നത് അപൂർവമാണ്. മുഖ്യമന്ത്രിയെ ഒറ്റതിരിഞ്ഞ് ആക്രമിച്ച് തേജോവധം ചെയ്യുന്നുവെന്നും കേന്ദ്ര ഏജൻസികളെയും സ്ഥാപനങ്ങളെയും ഉപയോഗിച്ച് കള്ളക്കഥകൾ മെനയുന്നുവെന്നും സിപിഎം സർക്കുലറിൽ വിമർശിക്കുന്നു.

കേന്ദ്രസർക്കാരിന്റെ കേരളത്തിനെതിരെയുള്ള പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന ഭാഗത്താണ് എക്സാലോജിക്കിനെക്കുറിച്ചും പറയുന്നത്. രേഖയിൽ പറയുന്നതിങ്ങനെ: ‘വ്യക്തമായ കണക്കുകളോടെ ബാങ്കുകളിലൂടെ നടത്തിയ എക്സാലോജിക് കമ്പനിയുടെ ഇടപാടുകളെപോലും വക്രീകരിക്കാനുള്ള നടപടികളാണ് സ്വീകരിച്ചത്.

കമ്പനിക്ക് പോലും പരാതിയില്ലാത്ത വിഷയത്തിൽ ഇക്കാര്യത്തിൽ അവരുടെ വാദംപോലും കേൾക്കാതെയാണ് പ്രചാരണം നടത്തിയത്. സംസ്ഥാനത്തിന്റെ വികസന പ്രവർത്തനത്തെയും, സംസ്ഥാന സർക്കാരിനെയും തേജോവധം ചെയ്യുകയെന്നതു തങ്ങളുടെ രാഷ്ട്രീയ അജണ്ടയായി തന്നെ അവർ മുന്നോട്ടുവയ്ക്കുകയാണ്’–രേഖയിൽ പറയുന്നു.

മുഖ്യമന്ത്രിയുടെ മകളുടെ പേരോ, എക്സാലോജിക്കിനു പണം കൈമാറിയ സിഎംആർഎലിന്റെ പേരോ രേഖയിൽ പരാമർശിക്കുന്നില്ല. സർക്കാരിന്റെ വികസനത്തിനു മാത്രമല്ല, മുഖ്യമന്ത്രി പിണറായി വിജയനെയും ഒറ്റ തിരിഞ്ഞു ആക്രമിക്കുകയെന്ന നിലപാടും സ്വീകരിക്കുകയാണ്. മുഖ്യമന്ത്രിയെ വ്യക്തിപരമായി തേജോവധം ചെയ്യുകയെന്ന ലക്ഷ്യത്തോടെ നിരവധി കള്ളക്കഥകൾ മെനയുന്ന രീതി കേന്ദ്ര ഏജൻസികളുടെയും അതുപോലുള്ള സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ നടന്നു വരിയാണെന്നും രേഖയിൽ പറയുന്നു.

സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്കെതിരെ കേന്ദ്ര ഏജൻസികൾ കേസെടുത്തപ്പോൾ പാർട്ടി രേഖാമൂലം ഇത്തരത്തിൽ വിശദീകരണം നടത്തിയിരുന്നില്ല. കേസ് കേസിന്റെ വഴിക്കുപോകുമെന്നായിരുന്നു വിശദീകരണം.

അതേസമയം, സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസിന്റെ അന്വേഷണത്തിനെതിരെ എക്സാലോജിക് കർണാടക ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. വീണയ്ക്ക് ചോദ്യം ചെയ്യലിനു ഹാജരാകാൻ നോട്ടിസ് നൽകുമെന്ന് ഉറപ്പായതോടെയാണ് കമ്പനി ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണം സ്റ്റേ ചെയ്യണമെന്ന കെഎസ്ഐഡിസിയുടെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button