മതം മാറിയ ഹിന്ദു വിശ്വാസികളെ തിരികെ കൊണ്ടുവരാൻ തിരുമല തിരുപ്പതി ദേവസ്ഥാനം. മൂന്ന് ദിവസത്തെ ഹിന്ദു ധാർമ്മിക സദസ്സിൽ ടിടിഡി ചെയർമാൻ ഭൂമന കരുണാകർ റെഡ്ഡിയാണ് ഇത് സംബന്ധിച്ച പദ്ധതി അവതരിപ്പിച്ചത്. തിരുമലയിലെ ശ്രീ വെങ്കിടേശ്വര സ്വാമിയുടെ കമല പാദത്തിൽ തീർത്ഥജലം തളിക്കുന്ന ചടങ്ങോടെ മറ്റു മതങ്ങളിൽ നിന്നുള്ള ആളുകളെ ഹിന്ദു സനാതന ധർമ്മത്തിലേക്ക് പരിവർത്തനം ചെയ്യുന്നതിനുള്ള പരിപാടികൾ ആരംഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഹിന്ദുക്കളുടെ മതപരിവർത്തനം തടയാനും പദ്ധതിയുണ്ടാകും.
“മറ്റ് മതവിശ്വാസത്തിലേക്ക് പരിവർത്തനം ചെയ്തവർ ഹിന്ദുമതം സ്വീകരിക്കാൻ സ്വമേധയാ മുന്നോട്ട് വന്നാൽ, അത്തരം വ്യക്തികളെ ഹിന്ദുത്വത്തിലേക്ക് സ്വാഗതം ചെയ്യും, ഹിന്ദു സനാതന ധർമ്മത്തിൽ പഠിപ്പിക്കുന്ന ഹിന്ദു ആചാരങ്ങളെ കുറിച്ചും അനുഷ്ഠാനങ്ങളെക്കുറിച്ചും അവർക്ക് പരിശീലനം നൽകും” -ചെയർമാൻ ഭൂമന കരുണാകർ പറഞ്ഞു. കൂടാതെ ഹിന്ദു ധർമ്മം എങ്ങനെ മറ്റുള്ളവരിലേക്ക് എത്തിക്കാം, ഹിന്ദുക്കൾക്കിടയിലെ മതപരിവർത്തനം തടയാനുള്ള മാർഗങ്ങൾ എന്നിവയെക്കുറിച്ചും യോഗത്തിൽ ചർച്ച ചെയ്തു
മൂന്ന് ദിവസത്തെ സമ്മേളനത്തിൽ പാസാക്കിയ പ്രമേയങ്ങൾ തിങ്കളാഴ്ച കരുണാകർ റെഡ്ഡി സദസ്സിൽ അവതരിപ്പിക്കുകയും ചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ ഹിന്ദു ആചാര്യന്മാരും യോഗത്തിൽ പങ്കെടുത്തിരുന്നു. ” കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാ വിഭാഗം ആളുകൾക്കും സാരാംശം എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുന്ന തരത്തിലാണ് ഇതിഹാസങ്ങളും പുരാണങ്ങളും പ്രചരിപ്പിക്കേണ്ടത്. ഇതിനായി ധർമ്മ പ്രചാരകരെ പരിശീലിപ്പിക്കേണ്ടതിന്റെ ആവശ്യകതയും ചെയർമാൻ ഊന്നി പറഞ്ഞു.
അതേസമയം ചില ജാതികളോടുള്ള ചിലരുടെ വിവേചനപരമായ സമീപനം പ്രത്യേകിച്ചും ഗ്രാമപ്രദേശങ്ങളിൽ മതപരിവർത്തനത്തിന് കാരണമായിട്ടുണ്ടെന്നും അത്തരം മതപരിവർത്തനങ്ങൾ തടയാൻ ഉചിതമായ നടപടികൾ ആവശ്യമാണെന്നും യോഗത്തിൽ ചൂണ്ടിക്കാട്ടി. മതപരിവർത്തനം ഒഴിവാക്കാൻ മതപരമായ പ്രവർത്തനങ്ങൾ വ്യാപകമാക്കേണ്ടതുണ്ട്. ധാർമിക പദ്ധതികളും പരിപാടികളും മറ്റുള്ളവരിലേക്ക് എത്തുമ്പോൾ മാത്രമേ ഈ ലക്ഷ്യം വിജയിക്കൂ എന്നും സമ്മേളനത്തിൽ വിലയിരുത്തി. ഹൈന്ദവ സമൂഹത്തിലുള്ളവരിൽ ആത്മവിശ്വാസം വർധിപ്പിക്കാൻ വിപുലമായ പരിശീലന പരിപാടികൾ നടത്താനും യോഗത്തിൽ തീരുമാനിച്ചു.
“ക്ഷേത്രങ്ങൾ എല്ലാവരേയും മികച്ച രീതിയിൽ പെരുമാറാൻ പഠിപ്പിക്കുന്നു. എങ്കിലും അത്തരം ആയിരക്കണക്കിന് ക്ഷേത്രങ്ങൾ തകരുകയും ചിലയിടങ്ങളിൽ ക്ഷേത്രങ്ങൾ പൂർണ്ണമായും അപ്രത്യക്ഷമാവുകയും ചെയ്യുന്നുണ്ട് . ശ്രീവാണി ട്രസ്റ്റിന് കീഴിൽ പിന്നാക്ക പ്രദേശങ്ങളിൽ ടിടിഡി ഇതിനകം ആയിരക്കണക്കിന് ക്ഷേത്രങ്ങൾ നിർമ്മിച്ചു. ഇത് ഇനിയും തുടരും . ‘ഗോമാതാവിനെ’ സംരക്ഷിക്കാൻ ഗോ സംരക്ഷണ പ്രവർത്തനങ്ങൾ വലിയ രീതിയിൽ മുന്നോട്ട് കൊണ്ടുപോകും,” എന്നും കരുണാകർ റെഡ്ഡി വ്യക്തമാക്കി .
കൂടാതെ വിവിധ സ്‌കൂളുകളുടെ നിലവിലുള്ള പാഠ്യപദ്ധതികളിൽ ഹിന്ദു ധർമ്മത്തിൻ്റെ മുൻഗണന ഊന്നിപ്പറയണമെന്നും യോഗം അഭിപ്രായപ്പെട്ടു. ഇന്നത്തെ സമൂഹത്തിൽ കാര്യങ്ങൾ എല്ലാവരിലേക്കും എത്തിക്കുന്നതിൽ സമൂഹ മാധ്യമങ്ങൾക്ക് വലിയ പങ്കുണ്ട്. അതിനാൽ ഇത് പ്രയോജനപ്പെടുത്തി സനാതന ധർമ്മ തത്വങ്ങൾ എല്ലായിടത്തും എത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments