കൊച്ചി: ഗാന്ധിജിയുടെ രാമനാണ് ഞങ്ങളുടെ രാമനെന്നും നാഥുറാം ഗോഡ്‌സെയിലെ റാമാണ് നിങ്ങളുടെ രാമനെന്നും കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ പ്രസംഗിച്ച ജോണ്‍ ബ്രിട്ടാസ് എംപിക്ക് മറുപടിയുമായി നടൻ ഹരീഷ് പേരടി. രാമൻ ഒന്നേ ഉള്ളുവെന്നും, ഗാന്ധിജിയുടെ പേരിൽ പുതിയ രാമനെ ഉണ്ടാക്കുന്നത് രാമനെയും ഗാന്ധിയേയും തമ്മിൽ തെറ്റിക്കാനുള്ള ഒരു ശകുനി തന്ത്രം മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫേസ്‌ബുക്ക് പേജിലൂടെയായിരുന്നു താരത്തിന്റെ നിരീക്ഷണം.
‘ഒരേയൊരു രാമനേയുള്ളു. രാമായണത്തിലെ രാമൻ. രാമഭക്തരായ സകല ദൈവവിശ്വാസികളൂം മഹാത്മാവായ ഗാന്ധിജിയും ആ രാമനെയാണ് വിളിച്ചതും വിശ്വസിച്ചതും വിശ്വസിച്ചുകൊണ്ടിരിക്കുന്നതും. ഇനി ഗാന്ധിജിയുടെ പേരിൽ പുതിയ രാമനെ ഉണ്ടാക്കുന്നത് രാമനെയും ഗാന്ധിയേയും തമ്മിൽ തെറ്റിക്കാനുള്ള ഒരു ശകുനി തന്ത്രം മാത്രം. പിടിവള്ളി നഷ്ടപ്പെട്ട നാലാം മതത്തിന്റെ അവസാനപിടച്ചിൽ മാത്രം. രാമനില്ലാതെ നിലനിൽക്കാൻ പറ്റില്ലെന്ന തിരിച്ചറിവ് മാത്രം. രാം നാം സത്യ ഹേ..എന്ന് എല്ലാ അവിശ്വാസികളും ഉറക്കെ ചൊല്ലുന്നു’, ഹരീഷ് പേരടി വ്യക്തമാക്കി.
അതേസമയം, ബ്രിട്ടാസിന്റെ പ്രസംഗത്തെ തീപ്പൊരി പ്രസംഗമെന്ന് അഭിനന്ദിച്ച് കെ.ടി ജലീല്‍ രംഗത്ത് വന്നു. അയോധ്യ പ്രാണപ്രതിഷ്ഠയും കേന്ദ്രത്തിന്റെ അവഗണയും, ഫാസിസ്റ്റ് നിലപാടുമെല്ലാം വ്യക്തമായി തന്നെ പ്രതിപാദിച്ച പ്രസംഗം വലിയ രീതിയിലാണ് കേരളം ഏറ്റെടുത്തത്. പുലിമടയില്‍ ചെന്ന് ഈഡിപ്പേടിയില്ലാതെ പുലികളെ നിര്‍ഭയം നേരിടുന്ന സഖാവ് ജോണ്‍ ബ്രിട്ടാസ്. നിങ്ങളെ ഓര്‍ത്ത് അഭിമാനിക്കുന്നുവെന്ന് കെ ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
Post Your Comments