തൃശൂര്‍: ചാലക്കുടിയില്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമയായ ഷീല സണ്ണി എന്ന വീട്ടമ്മയെ വ്യാജ ലഹരികേസില്‍ കുടുക്കിയ സംഭവത്തിലെ പ്രതി നാരായണദാസ് ഹര്‍ജിയുമായി ഹൈക്കോടതിയില്‍. എക്സൈസ് വ്യാജമായി പ്രതി ചേര്‍ത്തുവെന്നും തനിക്ക് കുറ്റകൃത്യത്തില്‍ പങ്കില്ലെന്നും നാരായണദാസ് ഹര്‍ജിയില്‍ പറയുന്നു. ഉദ്യോഗസ്ഥര്‍ തന്നെ വേട്ടയാടുകയാണെന്നും നാരായണദാസ് ഹര്‍ജിയില്‍ ആരോപിക്കുന്നു.
ഷീലയുടെ മരുമകളുടെ സഹോദരിയുടെ സുഹൃത്തായ നാരായണദാസിനെ എക്സൈസ് ക്രൈംബ്രാഞ്ച് സംഭവത്തില്‍ പ്രതി ചേര്‍ത്തിരുന്നു. തൃപ്പുണിത്തുറ സ്വദേശി നാരായണദാസ് എന്നയാളാണ് വ്യാജ വിവരം കൈമാറിയതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. കേസില്‍എക്സൈസ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണം തുടരുകയാണ്. അതേ സമയം, തന്നെ കള്ളക്കേസില്‍ കുടുക്കിയതിന്റെ കാരണം അറിയണമെന്ന് ഷീല സണ്ണി പ്രതികരിച്ചു.
കഴിഞ്ഞ കൊല്ലം ഫെബ്രുവരി 27 നായിരുന്നു ഷീലാ സണ്ണിയെന്ന ബ്യൂട്ടിപാര്‍ലര്‍ ഉടമയുടെ ജീവിതം കീഴ്മേല്‍ മറിഞ്ഞത്. ബൈക്കിലും ബാഗിലും എല്‍എസ്ഡി സ്റ്റാമ്പുമായി അവരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. പിന്നീട് കെമിക്കല്‍ ലാബില്‍ നടത്തിയ പരിശോധനയില്‍ സ്റ്റാമ്പ് ലഹരിയല്ലെന്ന് തെളിഞ്ഞു. എന്നിട്ടും ഷീല ജയിലില്‍ കിടന്നത് 72 ദിവസമാണ്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.
Post Your Comments