നൂറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ അയോധ്യയിൽ രാമക്ഷേത്രം യാഥാർത്ഥ്യമായതോടെ ഭൂമി വില റെക്കോർഡ് ഉയരങ്ങളിലേക്ക്. കഴിഞ്ഞ നാല് വർഷത്തിനിടെ അയോധ്യയിൽ ഭൂമിയിടപാടുകളുടെ എണ്ണം വലിയ തോതിലാണ് വർദ്ധിച്ചിരിക്കുന്നത്. ഇതോടെ, റിയൽ എസ്റ്റേറ്റ് മേഖല കുതിച്ചുയരുകയാണ്. സ്റ്റാമ്പ് ആൻഡ് രജിസ്ട്രേഷൻ വകുപ്പിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, കഴിഞ്ഞ ഒരു വർഷത്തിനിടെ റിയൽ എസ്റ്റേറ്റ് ഇടപാടുകളിൽ 40 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം, കഴിഞ്ഞ നാല് വർഷത്തിനിടെ 400 ശതമാനം വർദ്ധനവും ഉണ്ടായിട്ടുണ്ട്.
2020-21 സാമ്പത്തിക വർഷത്തിൽ 18,329 വസ്തു വിൽപ്പന കരാറുകളാണ് അയോധ്യയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. സ്റ്റാമ്പ് ഡ്യൂട്ടിയായി മാത്രം 115 കോടി രൂപയോളം ലഭിച്ചിട്ടുണ്ട്. 2021-22 സാമ്പത്തിക വർഷവും സമാന രീതിയിലുള്ള കുതിപ്പാണ് ഉണ്ടായത്. ഇക്കാലയളവിൽ കാർഷിക, കാർഷികേതര, വാണിജ്യ സ്വത്തുക്കളുടെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ 20,321 ആയി ഉയർന്നു. കൂടാതെ, സ്റ്റാമ്പ് ഡ്യൂട്ടി വഴി 149 കോടി രൂപയാണ് ലഭിച്ചത്. 2020 മുതലാണ് രാമക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. നിലവിൽ, ക്ഷേത്രം ഭക്തജനങ്ങൾക്കായി തുറന്ന് നൽകിയതോടെ അയോധ്യയിലെ ഭൂമി വില ഇനിയും ഉയർന്നേക്കുമെന്നാണ് വിലയിരുത്തൽ.
Also Read: ചാഞ്ചാട്ടത്തിനൊടുവിൽ വിശ്രമം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല
Post Your Comments