KeralaLatest NewsNews

എം ലീലാവതി ഉള്‍പ്പെട്ട വിദഗ്ധ സമിതിയാണ് ശ്രീകുമാരന്‍ തമ്പിയുടെ പാട്ട് തള്ളിയതെന്ന സച്ചിദാനന്ദന്റെ വാദത്തിന് തിരിച്ചടി

താന്‍ ഈ പാട്ട് കണ്ടിട്ടേ ഇല്ലെന്ന് പ്രതികരിച്ച് ലീലാവതി

 

കൊച്ചി: ശ്രീകുമാരന്‍ തമ്പിയുടെ കേരള ഗാനം തള്ളിയ കേരള സാഹിത്യ അക്കാദമിയുടെ നടപടിയില്‍ അടിമുടി ദുരൂഹത. ഡോ.എം ലീലാവതി ഉള്‍പ്പെട്ട വിദഗ്ധ സമിതിയാണ് ശ്രീകുമാരന്‍ തമ്പിയുടെ പാട്ട് തള്ളി ഹരിനാരായണന്റെ പാട്ട് തെരഞ്ഞെടുത്തതെന്നായിരുന്നു അധ്യക്ഷന്‍ കെ. സച്ചിദാനന്ദന്റെ വിശദീകരണം. എന്നാല്‍, പാട്ട് താന്‍ കണ്ടിട്ടേയില്ലെന്നാണ് ഡോ.എം ലീലാവതി പ്രതികരിച്ചത്.

Read Also: പൂച്ചയെ ഭക്ഷിച്ച സംഭവം: കുറ്റിപ്പുറത്ത് വെച്ച് യുവാവിനെ കണ്ടെത്തി

ഇതിനിടെ, അനുനയ നീക്കത്തിന്റെ സൂചനയുമായി സാംസ്‌കാരിക വകുപ്പ് മന്ത്രിയുടെ പ്രതികരണവും വന്നു. വിഷയത്തില്‍ ശ്രീകുമാരന്‍ തമ്പിയും സച്ചിദാനന്ദനും തമ്മിലുള്ള തര്‍ക്കം മുറുകിയതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ സജി ചെറിയാന്റെ പ്രതികരണമുണ്ടായത്. കേരള ഗാനം ഏതെന്ന് നിശ്ചയിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.

 

മുഖ്യമന്ത്രി തന്നെ മുന്‍കൈയെടുത്താണ് കേരളത്തിന് ഒരു ഗാനം വേണം എന്ന് തീരുമാനിച്ചത്. ശ്രീകുമാരന്‍ തമ്പി മഹാനായ കവിയും എഴുത്തുകാരനുമാണ്. അദ്ദേഹത്തെ ചേര്‍ത്തുപിടിക്കുന്ന ഗവണ്‍മെന്റ് ആണ്. മുഖ്യമന്ത്രിയും താനും പല കാര്യങ്ങളിലും അദ്ദേഹത്തിന്റെ അഭിപ്രായം തേടാറുണ്ട്. ശ്രീകുമാരന്‍ തമ്പി തനിക്ക് ബാധ്യതയുണ്ടെന്നു പറഞ്ഞ വിഷയത്തില്‍ നിന്നും താന്‍ ഒഴിഞ്ഞു മാറുന്നില്ലെന്നും സജി ചെറിയാന്‍ വ്യക്തമാക്കി.

സാഹിത്യ അക്കാദമി നിര്‍ബന്ധിച്ച് കേരളഗാനം എഴുതിപ്പിച്ച ശേഷം ഒരു മറുപടിയും അറിയിച്ചില്ലെന്ന ശ്രീകുമാരന്‍ തമ്പിയുടെ പരാതിയെ തുടര്‍ന്നാണ് പാട്ട് വിവാദത്തിന്റെ തുടക്കം. എന്നാല്‍, തമ്പിയുടെ ഗാനത്തിന് നിലവാരമില്ലെന്ന വിദഗ്ധസമിതി കണ്ടെത്തലാണ് നിരസിക്കാന്‍ കാരണമെന്ന് സച്ചിദാനന്ദന്‍ പരസ്യമാക്കിയതോടെ വിവാദം പൊട്ടിത്തെറിയിലേക്ക് വഴിമാറി.

ശ്രീകുമാരന്‍ തമ്പിയുടെ കേരളഗാനം ക്ലീഷേ ആയത് കൊണ്ടാണ് നിരസിച്ചതെന്നായിരുന്നു സാഹിത്യ അക്കാദമി അധ്യക്ഷന്‍ സച്ചിദാനന്ദന്റെ പ്രതികരണം. ശ്രീകുമാരന്‍ തമ്പിയുടെ പാട്ട് മോശമാണെന്ന് എം.ലീലാവതി ഉള്‍പ്പെട്ട കമ്മിറ്റി കണ്ടെത്തി എന്നു പറഞ്ഞ് അക്കാദമി തടിയൂരാനും ശ്രമിച്ചു. എന്നാല്‍ താനാ പാട്ട് കണ്ടിട്ടേയില്ലെന്ന് ഡോ. എം.ലീലാവതി തുറന്നടിച്ചതോടെയാണ് അക്കാദമി വെട്ടിലായത്. സച്ചിദാനന്ദന്റെ പ്രതികരണത്തിന് പിന്നാലെ അവസരം ഉണ്ടാക്കി തന്നെ ബോധപൂര്‍വ്വം അപമാനിച്ചെന്ന് പറഞ്ഞ് ശ്രീകുമാരന്‍ തമ്പി തുറന്നടിച്ചു.

ബാലചന്ദ്രന്‍ ചുള്ളിക്കാടിന് മതിയായ യാത്രാപ്പടി നല്‍കാതെ അപമാനിച്ചയച്ചെന്ന വിവാദം കത്തുന്നതിനിടെയാണ് സാഹിത്യ അക്കാദമിയെ പിടിച്ചു കുലുക്കി ശ്രീകുമാരന്‍ തമ്പിയുടെ കേരള ഗാന വിവാദം ഉയര്‍ന്നുവന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button