തിരുവനന്തപുരം : ഷോർട്ട് ഫിലിമുകൾ സിനിമയുടെ വളര്‍ച്ചയ്ക്ക് നല്ല വളമായിട്ടുണ്ടെന്ന് കവിയും ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി പറഞ്ഞു. കോണ്ടാക്ട് സംഘടിപ്പിക്കുന്ന പതിമൂന്നാമത് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ തൈക്കാട് ഭാരത് ഭവനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Read Also : ആഘോഷങ്ങള്‍ക്ക് വേദിയാകാനൊരുങ്ങി ‘അമ്മ’ യുടെ കൊച്ചിയിലെ ആസ്ഥാന മന്ദിരം
സിനിമ ആര്‍ക്കും ചെയ്യാവുന്ന തരത്തില്‍ മാറിയിട്ടുണ്ടെന്നും കലയും കൗശലവും ചേര്‍ന്നതാണ് സിനിമയെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം ഹിതമനുസരിച്ചുള്ള സിനിമയ്ക്ക് ഏറ്റവും നല്ല മാര്‍ഗ്ഗം ഷോർട്ട് ഫിലിമുകളാണെന്നും ശ്രീകുമാരന്‍ തമ്പി അഭിപ്രായപ്പെട്ടു. കോണ്ടാക്ട് പോലുള്ള സംഘടനകള്‍ നല്‍കുന്ന പ്ലാറ്റുഫോമുകള്‍ പുതു ചലച്ചിത്ര കലാകാരന്‍മാര്‍ക്ക് മൂല്യമേറിയതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഫെസ്റ്റിവല്‍ ബുക്കിന്റെ പ്രകാശനം ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂരിന് നല്‍കി ആദ്ദേഹം നിര്‍വഹിച്ചു. പുതിയ സംവിധായകരെയും കലാകാരന്‍മാരെയും വാര്‍ത്തെടുക്കുന്നതില്‍ കോണ്ടാക്ട് പോലുള്ള സംഘടനകള്‍ ഏറെ പങ്ക് വഹിക്കുന്നുണ്ടെന്ന് പ്രമോദ് പയ്യന്നൂര്‍ പറഞ്ഞു. കോണ്ടാക്ട് പ്രസിഡന്റ് മുഹമ്മദ് ഷാ അധ്യക്ഷനായിരുന്നു. രക്ഷാധികാരിയും ജൂറി ചെയര്‍മാനുമായ വിജയകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി സി.ആര്‍. ചന്ദ്രന്‍, വൈസ് പ്രസിഡന്റ് വഞ്ചിയൂര്‍ പ്രവീണ്‍കുമാര്‍, ഫെസ്റ്റിവല്‍ കമ്മിറ്റി ചെയര്‍മാന്‍ എസ്. രത്‌നകുമാര്‍ എന്നിവര്‍ സംസാരിച്ചു.
Post Your Comments