മാവേലിക്കര: രഞ്ജിത് ശ്രീനിവാസൻ വധക്കേസിൽ വിധി പറഞ്ഞ മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജി വി.ജി. ശ്രീദേവിയുടെ ഔദ്യോഗിക വസതിക്കു സുരക്ഷ ഏർപ്പെടുത്തിയതായി കായംകുളം ഡിവൈ.എസ്.പി. അജയ്‌നാഥ് അറിയിച്ചു. ഒരു സബ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ പോലീസുകാർ 24 മണിക്കൂറും സുരക്ഷാച്ചുമതലയിൽ ഉണ്ടാകും. അതേസമയം, വിധി പറഞ്ഞ ജഡ്ജിയെ ആർഎസ്എസ് ആക്കാനും അവർക്കെതിരെ ഭീഷണിയും സമൂഹമാധ്യമങ്ങളിൽ ചിലർ പോസ്റ്റുകളിലൂടെ പ്രചരിപ്പിക്കുന്നുണ്ട്.
രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിൽ വിധിപറഞ്ഞ മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയിൽ ചൊവ്വാഴ്ച രാവിലെ ആകാംക്ഷയുടെയും ആശങ്കയുടെയും നിമിഷങ്ങളായിരുന്നു. പത്തേമുക്കാലോടെ 14 പ്രതികളെയും വിലങ്ങണിയിച്ചു കോടതിയിലെത്തിച്ചു. 11 മണിക്കു തൊട്ടുമുൻപ് കോടതികൂടുന്നതിനു മുന്നോടിയായുള്ള ബെല്ലുമുഴങ്ങി. കോടതി ഹാളിലുണ്ടായിരുന്ന അഭിഭാഷകരെല്ലാം എഴുന്നേറ്റു. ഒരുമിനിറ്റിനുശേഷം വീണ്ടും ബെല്ലുമുഴങ്ങി. കോടതികൂടുന്നതിനു മുന്നോടിയായി ഒറ്റത്തവണയാണ് സാധാരണ ബെല്ലടിക്കാറുള്ളത്. ആവർത്തിച്ചുള്ള ബെല്ലുകേട്ടത് അഭിഭാഷകരെയുൾപ്പെടെ അദ്‌ഭുതപ്പെടുത്തി. ഇതിനു പ്രത്യേകിച്ചു കാരണമൊന്നുമുണ്ടായിരുന്നില്ല.
തുടർന്ന് അഡീഷണൽ സെഷൻസ് ജഡ്ജി വി.ജി.ശ്രീദേവി കോടതിയിലെത്തി നടപടികളിലേക്കുകടന്നു. പ്രതിപ്പട്ടികയിലുള്ളവർക്ക് വിവിധ കുറ്റകൃത്യങ്ങളിലുള്ള ശിക്ഷ കോടതി വിധിച്ചുതുടങ്ങിയതോടെ പുറത്ത് നടപടികൾ ശ്രദ്ധിച്ചുകൊണ്ടുനിന്ന ദൃശ്യമാധ്യമ പ്രതിനിധികൾ ആശയക്കുഴപ്പത്തിലായി. ആറുമാസംമുതലുള്ള തടവുശിക്ഷ വിവിധ കുറ്റങ്ങളുടെ അടിസ്ഥാനത്തിൽ പ്രഖ്യാപിക്കുന്നുണ്ടായിരുന്നു. ഇതിനിടെ പ്രതികൾക്കു വധശിക്ഷ വിധിച്ചതായി കോടതിയിലുണ്ടായിരുന്ന ചില അഭിഭാഷകർ മാധ്യമപ്രവർത്തകർക്കു സൂചനനൽകി. കഴുത്ത് തൂക്കുന്നതിന്റെ ആംഗ്യമാണ് അവർ കാട്ടിയത്.
ഇതോടെ പ്രതികൾക്കു വധശിക്ഷ വിധിച്ചതായി സൂചനലഭിച്ചു. പക്ഷേ, ആർക്കെല്ലാം എന്നതിലെ ആശയക്കുഴപ്പമൊഴിഞ്ഞില്ല. കുറ്റകൃത്യത്തിൽ നേരിട്ടു പങ്കെടുത്തവർക്കു മാത്രമാണോ വധശിക്ഷയെന്നതായിരുന്നു സംശയം. 15 മിനിറ്റിനുശേഷമാണ് എല്ലാപ്രതികൾക്കും വധശിക്ഷയാണെന്ന വിവരം പുറത്തറിയുന്നത്. ഇതോടെയാണ് കോടതിക്കുപുറത്ത് ശിക്ഷയെപ്പറ്റി അറിയാൻ കാത്തുനിന്നവരിലേക്കും വിധിയെത്തുന്നത്. പോലീസിന്റെ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ വിധിയെപ്പറ്റി ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് വിവരംനൽകാൻ തിരക്കുകൂട്ടുന്നതും കണ്ടു.
ജില്ലാ പോലീസ് മേധാവി ചൈത്രാ തെരേസ ജോണിന്റെ നേതൃത്വത്തിലെ പോലീസ് സംഘം അതീവ ജാഗ്രതയോടെയാണ് കോടതിമുറ്റത്ത് നിലയുറപ്പിച്ചിരുന്നത്. ജില്ലയിലെ ഡിവൈ.എസ്.പി.മാരുടെ മേൽനോട്ടത്തിൽ വലിയ പോലീസ് സന്നാഹമാണ് കോടതിയിലും പരിസരപ്രദേശങ്ങളിലും ഏർപ്പെടുത്തിയിരുന്നത്.
മാധ്യമപ്രവർത്തകരെയും അഭിഭാഷകരെയും കോടതി ജീവനക്കാരെയും മാത്രമാണ് മുകൾനിലയിലെ കോർട്ട് ഹാളിലേക്കു കടത്തിവിട്ടത്. വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മുഴുവൻ പ്രതികളെയും തിരുവനന്തപുരം സെൻട്രൽ ജയിലിലേക്കു മാറ്റി. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ചൊവ്വാഴ്ച വൈകുന്നേരം അഞ്ചരയോടെയാണു വൻ സുരക്ഷയോടെ ഇവരെ തിരുവനന്തപുരത്തേക്കു കൊണ്ടുപോയത്. വിചാരണക്കാലയളവിൽ മാവേലിക്കര സ്പെഷ്യൽ സബ്ജയിലിലാണു പ്രതികളെ പാർപ്പിച്ചിരുന്നത്.
Leave a Comment