Latest NewsIndia

ചണ്ഡിഗര്‍ മേയര്‍ തിരഞ്ഞെടുപ്പ്: ആപ്പ്-കോൺഗ്രസ് സംയുക്ത സ്ഥാനാർത്ഥിയെ തോല്പിച്ച് ബിജെപി സ്ഥാനാർഥി, അട്ടിമറിയെന്ന് രാഹുൽ

 

ന്യൂഡല്‍ഹി: ‘ഇന്ത്യ’ സഖ്യത്തിന് കീഴില്‍ ജയമുറപ്പിച്ച കോണ്‍ഗ്രസ്-ആംആദ്മി സംയുക്ത സ്ഥാനാര്‍ത്ഥിക്ക് ചണ്ഡിഗര്‍ മേയര്‍ തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത തോല്‍വി.

ആം ആദ്മി പാര്‍ട്ടിയുടെ കുല്‍ദീപ് കുമാറിനെ(12) നാലു വോട്ടുകള്‍ക്കാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി മനോജ് സോങ്കര്‍(16) തോല്‍പ്പിച്ചത്. ആകെയുള്ള 36 വോട്ടുകളില്‍ എട്ടെണ്ണം അസാധുവായതോടെ ബി.ജെ.പി സ്ഥാനാര്‍ത്ഥി ജയിക്കുകയായിരുന്നു.

ആം ആദ്മിക്ക് 13ഉം കോണ്‍ഗ്രസിന് ഏഴും കൗണ്‍സിലര്‍മാരുള്ളതിനാല്‍ കുല്‍ദീപ് കുമാര്‍ ജയം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഇതില്‍ എട്ട് വോട്ടുകള്‍ അസാധുവായി. ബി.ജെ.പി കൗണ്‍സിലര്‍മാരുടെ വോട്ടുകളെല്ലാം സാധുവായതോടെ മനോജ് സോങ്കര്‍ വിജയിച്ചു. ഫലപ്രഖ്യാപനം കേട്ട് കുല്‍ദീപ് പൊട്ടിക്കരഞ്ഞു. പിന്നാലെ ആം ആദ്മി-കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബി.ജെ.പി പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും വാഗ്വാദവുമുണ്ടായി.

ബി.ജെ.പി ന്യൂനപക്ഷ സെല്‍ അംഗമായ പ്രിസൈഡിംഗ് ഓഫീസര്‍ അനില്‍ മസിഹ് മനപ്പൂര്‍വം എട്ട് വോട്ടുകള്‍ അസാധുവാക്കിയെന്ന് ആം ആദ്മി നേതാവ് രാഘവ് ഛദ്ദ ആരോപിച്ചു. ഇത് രാജ്യദ്രോഹമാണ്. വോട്ട് അസാധുവായി പ്രഖ്യാപിക്കുമ്പോള്‍ എല്ലാ പാര്‍ട്ടികളുടെയും ഏജന്റുമാരെ കാണിക്കണമെന്ന ചട്ടം പാലിച്ചില്ല. ഇന്ത്യയെ ഉത്തരകൊറിയ ആക്കാനാണോ ബി.ജെ.പി നീക്കമെന്നും ഛദ്ദ ചോദിച്ചു.

ചരിത്രപരവും നിര്‍ണായകവുമായ വിജയം കൈവരിക്കുമെന്ന് ഫലപ്രഖ്യാപനത്തിന് മുന്‍പ് ഛദ്ദ പറഞ്ഞിരുന്നു. മേയര്‍ സ്ഥാനാര്‍ത്ഥിയായി ആം ആദ്മി സ്ഥാനാര്‍ത്ഥിയും രണ്ട് ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുമാണ് മത്സരിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button