ലക്നൗ: സാങ്കേതിക വിദ്യയുടെ പ്രാധാന്യം ഉയർത്തിക്കാട്ടി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ വികസന പദ്ധതികളുടെ സുതാര്യമായ നടത്തിപ്പിന് സാങ്കേതികവിദ്യയുടെ ഉപയോഗം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. അഴിമതിയെന്ന കൊടും വിപത്തിനെ തടയാൻ ഏറ്റവും ഫലപ്രദമായ മാർഗമാണ് സാങ്കേതികവിദ്യയെന്നും അദ്ദേഹം പരാമർശിച്ചു. സ്വാമി വിവേകാനന്ദ യുവ ശാക്തീകരണ പദ്ധതിയുടെ കീഴിൽ ദീൻദയാൽ ഉപാധ്യായ ഗോരഖ്പൂർ സർവ്വകലാശാലയിൽ നടന്ന സ്മാർട്ട്‌ഫോൺ-ടാബ്ലെറ്റ് വിതരണ ചടങ്ങിൽ സംസാരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
രണ്ട് കോടിയോളം യുവാക്കൾക്കാണ് സ്മാർട്ട്‌ഫോണുകളും ടാബ്ലെറ്റുകളും വിതരണം ചെയ്ത് സാങ്കേതിക വിദ്യയുടെ വശങ്ങൾ പരിചയപ്പെടുത്തിയത്. യുവാക്കളെ കഴിവുള്ളവരും സ്വയം പര്യാപ്തരുമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് നടപടി. സംസ്ഥാന സർക്കാർ ഈ ലക്ഷ്യത്തിലേക്ക് അതിവേഗമാണ് മുന്നേറുന്നത്. സർക്കാർ നൽകുന്ന സ്മാർട്ട്ഫോണുകളുടെ സഹായത്തോടെ യുവാക്കൾക്ക് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കീഴിലുള്ള പിഎം സ്റ്റാർട്ടപ്പ്, സ്റ്റാൻഡപ്പ്, മുദ്ര തുടങ്ങിയ നിരവധി പദ്ധതികളെ കുറിച്ച് അറിയാൻ കഴിയുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മുന്നോട്ടുള്ള ദിനങ്ങൾ സാങ്കേതിക വിദ്യയെന്ന ഘടകത്തിൽ ഊന്നിയായിരിക്കും. യുവാക്കൾ സാങ്കേതികവിദ്യ ഏറ്റവും മികച്ച രീതിയിൽ പ്രയോജനപ്പെടുത്തണം. സംസ്ഥാനത്തെ റേഷൻ കടകൾ ഉൾപ്പെടെ സാങ്കേതിക വിദ്യയുമായി ബന്ധപ്പെടുത്തിയിരിക്കുകയാണ്. 2017ന് മുൻപ് സംസ്ഥാനത്തെ പൊതുവിതരണ മേഖല അഴിമതി നിറഞ്ഞതായിരുന്നു, നിരവധി പേർ പട്ടിണി കിടന്ന് മരണപ്പെട്ടു. ബിജെപി സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെ നടത്തിയ പരിശോധനയിൽ 30ലക്ഷത്തോളം വ്യാജ റേഷൻ കാർഡുകളാണ് കണ്ടെത്തിയത്. എന്നാൽ ഇപ്പോൾ റേഷൻ കാർഡുകൾ ആധാറുമായി ബന്ധിപ്പിച്ചു. അഴിമതിക്ക് ഇവിടെ സ്ഥാനമില്ലെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു.
Read Also: ഗ്യാന്‍വാപി സര്‍വെ റിപ്പോര്‍ട്ട് വന്നതോടെ പലര്‍ക്കും കോടതിയില്‍ വിശ്വാസമില്ലാതെയായി
Post Your Comments