KeralaLatest NewsNews

സംസ്ഥാനത്ത് കലാലയ രാഷ്ട്രീയം നിരോധിക്കണം: ഹൈക്കോടതിയിൽ ഹർജി

കൊച്ചി: സംസ്ഥാനത്ത് കലാലയ രാഷ്ട്രീയം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കപ്പെട്ടു. എൻ പ്രകാശൻ എന്ന വ്യക്തിയാണ് ഇക്കാര്യം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. ക്യാമ്പസുകളിലെ വിദ്യാർത്ഥി രാഷ്ട്രീയം പൂർണമായും ഇല്ലാതാക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു. മഹാരാജാസ് കോളേജിലെ വിദ്യാർത്ഥി സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രകാശൻ ഹർജി സമർപ്പിച്ചിരിക്കുന്നത്.

കോടതി ഈ ഹർജി ഫയലിൽ സ്വീകരിച്ചു. വിഷയത്തിൽ കോടതി സംസ്ഥാന സർക്കാരിനും ഉന്നത വിദ്യാഭ്യാസ വകുപ്പിനും പോലീസിനും വിവിധ വിദ്യാർത്ഥി സംഘടനകൾ ആയ എസ്എഫ്ഐ, കെഎസ്‌യു, എബിവിപി, എംഎസ്എഫ് തുടങ്ങിയവയ്ക്കും നോട്ടീസ് അയച്ചു. ജസ്റ്റിസുമാരായ ശോഭ അന്നമ്മ ഈപ്പൻ, എ മുഹമ്മദ് മുഷ്താഖ് തുടങ്ങിയവർ ഉൾപ്പെട്ട ബെഞ്ച് ആണ് നോട്ടീസ് അയച്ചത്. കോളേജുകളിലെ അക്രമാസക്തമായ രാഷ്ട്രീയം നിയന്ത്രിക്കാൻ അധികാരികൾക്കും കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും അതിനാൽ കലാലയ രാഷ്ട്രീയം നിരോധിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

അടുത്തിടെയാണ് മഹാരാജാസ് കോളേജിൽ സംഘർഷം ഉണ്ടായത്. എസ്എഫ്ഐ നേതാവിനെ കെഎസ്‌യു, ഫ്രറ്റേണിറ്റി പ്രവർത്തകർ കുത്തിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി നാസർ അബ്ദുൾ റഹ്മാനെയാണ് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കെഎസ്‌യു, ഫ്രറ്റേണിറ്റി പ്രവർത്തകരായ 15 പേർക്കെതിരെ എറണാകുളം സെൻട്രൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിദ്യാർഥിനി അടക്കമുള്ളവർക്കെതിരെയാണ് കേസ്. വധശ്രമം ഉൾപ്പെടെ ഒൻപത് വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരുന്നത്.

കോളേജിൽ നാടക പരിശീലനത്തിന് ശേഷം ഇറങ്ങുമ്പോഴാണ് സംഘർഷമുണ്ടായതും നാസറിന് കുത്തേറ്റതും. വടിവാളും ബിയറ് കുപ്പിയും മാരകായുധങ്ങളുമായെത്തിയായിരുന്നു ആക്രമണം. സാരമായി പരിക്കേറ്റ നാസറിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അധ്യാപകനെ ആക്രമിച്ച ഫ്രട്ടേണിറ്റി പ്രവർത്തകനെതിരെ പ്രതിഷേധിച്ചതിലുള്ള വിരോധമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്നാണ് എഫ്‌ഐആറിൽ വ്യക്തമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button