ഹൈ റിച്ച് എംഡി വി.ഡി പ്രതാപനും ഭാര്യയും സിഇഒയുമായ ശ്രീനയും തട്ടിയത് അഞ്ഞൂറ് കോടിയിലേറെ രൂപയെന്ന നിഗമനത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ക്രിപ്റ്റോ കറൻസി, ഒടിടി പ്ലാറ്റ്ഫോം എന്നിവയുടെ മറവിലാണ് ദമ്പതികൾ പണം തട്ടിയെടുത്തത്. ഇടപാടുകൾക്ക് ഇടനിലക്കാരായ പത്തിലേറെ പൊലീസുകാരും ഉന്നത രാഷ്ട്രീയ നേതാക്കളും ഇഡിയുടെ അന്വേഷണ പരിധിയിലുണ്ടെന്നാണ് റിപ്പോർട്ട്. തട്ടിയെടുത്ത പണത്തിൽ ഭൂരിഭാഗവും വിദേശത്തേക്ക് കടത്തിയിട്ടുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
ഓൺലൈൻ മാർക്കറ്റിങ്, മണിചെയിൻ ഇടപാടുകൾക്കു പുറമെ ഹൈ റിച്ച് ഉടമകൾ കോടികൾ തട്ടിയെടുത്ത വഴികളിലൂടെയാണ് ഇഡി അന്വേഷണം തുടരുന്നത്. കഴിഞ്ഞ വർഷമാണ് ഹൈറിച്ച് ഗ്രൂപ്പിൻറെ എച്ച്ആർ ഒടിടി പ്രത്യക്ഷപ്പെടുന്നത്. സ്വർണകള്ളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് തന്നെ ഭീഷണിപ്പെടുത്തിയെന്ന് പരാതി നൽകിയ വിജേഷ് പിള്ളയുടെ ആക്ഷൻ ഒടിടിയാണ് ഹൈറിച്ച് ഉടമകൾ വാങ്ങിയത്. പുത്തൻപടങ്ങളടക്കം റിലീസ് ചെയ്ത് സബ്സ്ക്രൈബേഴ്സിനെ ആകർഷിക്കുകയായിരുന്നു ലക്ഷ്യം. ആയിരകണക്കിന് ആളുകളിൽ നിന്ന് അഞ്ച് ലക്ഷം വീതം നിക്ഷേപം വാങ്ങിയായിരുന്നു തുടക്കം.
ഇതിനു പിന്നാലെയാണ് എച്ച്ആർ ക്രിപ്റ്റോയുമായുള്ള രംഗപ്രവേശം. ഒരു എച്ച്ആർ ക്രിപ്റ്റോയുടെ മൂല്യം രണ്ട് ഡോളറാണ്. 160 ഇന്ത്യൻ രൂപ. ബേസിക്, പ്രീമിയം എന്നിങ്ങനെ തരംതിരിച്ച് ആയിരകണക്കിനു പേരിൽ നിന്നും സമാഹരിച്ചത് കോടികളാണ്. കാനഡയിൽ കമ്പനി രൂപീകരിച്ചത് ഹവാല ഇടപാടുകളുടെ ഭാഗമായാണെന്നുമാണ് ഇഡിക്കു ലഭിച്ചിരിക്കുന്ന വിവരം. റിസർവ് ബാങ്കിന്റെ അനുമതിയില്ലാതെയാണ് ക്രിപ്റ്റോ ഇടപാടുകൾ നടത്തിയതെന്നും കണ്ടെത്തലുണ്ട്. അതേസമയം, കാനഡയിൽ രൂപീകരിച്ച കമ്പനി കേന്ദ്രീകരിച്ചും ഇഡി അന്വേഷണം ആരംഭിച്ചു.
നേരത്തേ 126 കോടി രൂപയുടെ ജിഎസ്ടി വെട്ടിപ്പിന്റെ പേരിലും കമ്പനി കുടുങ്ങിയിരുന്നു. ജിഎസ്ടി വെട്ടിപ്പു മാത്രമെന്ന വാദമുയർത്തി പ്രതാപനും ശ്രീനയും പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും 1.63 ലക്ഷം നിക്ഷേപകരിൽ നിന്നായി 1630 കോടി തട്ടിയെന്ന പൊലീസ് റിപ്പോർട്ട് പുറത്തുവന്നതാണു നിർണായകമായത്. എഴുപതോളം കടലാസ് കമ്പനികൾ നടത്തിയെന്നും ഇതിൽ 14 കമ്പനികൾ തൃശൂരിലാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു. കോൺഗ്രസ് നേതാവ് അനിൽ അക്കര നൽകിയ പരാതിയിലാണ് ഇ.ഡി അന്വേഷണം ആരംഭിച്ചത്.
Post Your Comments