ന്യൂഡൽഹി: രാജ്യത്തെ മുന്നോട്ടു നയിക്കുന്നത് യുവാക്കളുടെ വോട്ടുകളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസിത രാജ്യമായി മാറാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്രത്തിന്റെ 100-ാം വാർഷികം ആഘോഷിക്കുന്ന 2047-ൽ രാജ്യം വികസിത രാജ്യമായി മാറാനുള്ള തയ്യാറെടുപ്പിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുവാക്കളെ ആശ്രയിച്ചാണ് ബഹിരാകാശം, പ്രതിരോധം, ഉത്പാദനം, സാങ്കേതികവിദ്യ, കണ്ടുപിടുത്തങ്ങൾ തുടങ്ങി നിരവധി മേഖലകളിൽ രാജ്യം കുതിപ്പ് നടത്തുന്നതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
യുവാക്കളുടെ ഓരോ വോട്ടുകളും രാജ്യത്തിന്റെ വികസനത്തിന്റെ ദിശയും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ നിങ്ങളുടെ സമ്മതിദാനാവകാശം ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാക്കും. നിങ്ങളുടെ വോട്ട് സുസ്ഥിരമായ രാജ്യത്തെയും ഡിജിറ്റൽ രംഗത്തെയും പടുത്തുയർത്തുമെന്നും അദ്ദേഹം അറിയിച്ചു. നമോ നവമത്ദാതാ സമ്മേളനത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
പ്രകൃതിയെ സംരക്ഷിച്ചുകൊണ്ട് എങ്ങനെ വികസനം നടത്താമെന്ന് ഇന്ത്യ ഇന്ന് ലോകത്തിന് കാണിച്ചുകൊടുക്കുകയാണ്. രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ വികസനങ്ങളിലുൾപ്പെടെ മാറ്റങ്ങൾ പ്രകടമാണ്. യുവാക്കളിലാണ് രാജ്യത്തിന്റെ പ്രതീക്ഷ. സ്റ്റാർട്ട് അപ്പ് നയത്തിലൂടെ യുവാക്കളെ ബിസിനസിലേക്ക് നയിക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments