KeralaLatest News

ആലപ്പുഴയിൽ പ്രസവം നിർത്താനുള്ള ശസ്ത്രക്രിയയ്ക്കിടെ മരിച്ച യുവതിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

ആലപ്പുഴ: പ്രസവം നിര്‍ത്താനുള്ള ശസ്ത്രക്രിയക്കിടെ മരിച്ച യുവതിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. ആലപ്പുഴ പഴവീട് ശരത് ഭവനിൽ എസ്. ശരത്ചന്ദ്രന്റെ ഭാര്യ ആശാ ശരത്താ (31)ണ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച വൈകീട്ട് 6.30-നു മരിച്ചത്. ശസ്ത്രക്രിയയിൽ സങ്കീർണതകൾ ഉണ്ടായതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. സങ്കീർണതകൾ കാരണം ഹൃദയാഘാതം ഉണ്ടായെന്നും ആന്തരിക അവയവങ്ങളുടെ പ്രവർത്തനം നിലച്ചുവെന്നും ആണ് റിപ്പോർട്ടിൽ ഉള്ളത്.

വെള്ളിയാഴ്ച രാവിലെയാണ് ആശയെ ശസ്ത്രക്രിയയ്ക്കായി കടപ്പുറം വനിതാ ശിശു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയക്കിടെ അസ്വസ്ഥത കാണിക്കുകയും അമിത രക്തസ്രാവം ഉണ്ടാവുകയും ചെയ്തു. തുടർന്ന് ആശ ഗുരുതരാവസ്ഥയിലായതോടെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം.

ലാപ്രോസ്‌കോപിക് സര്‍ജറിക്ക് സാധാരണ സങ്കീര്‍ണതകളൊന്നുമുണ്ടാകാറില്ല. കടപ്പുറം ആശുപത്രി അധികൃതരുടെ വീഴ്ചയാണ് സംഭവത്തിനുപിന്നിലെന്നും അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പരാതി നല്‍കുമെന്നും ബന്ധുക്കള്‍ പറഞ്ഞിരിരുന്നു. സംഭവത്തില്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി കടപ്പുറം വനിതാ ശിശു ആശുപത്രി സൂപ്രണ്ടില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയിരുന്നു. ശസ്ത്രക്രിയയ്ക്കിടെ ഹൃദയാഘാതം ഉണ്ടായതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ആശയുടെ ഭര്‍ത്താവ് ശരത്ത് വിദേശത്താണ്.

വീഴ്ച അന്വേഷിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു പോസ്റ്റുമോർട്ടത്തിന് നേതൃത്വം നൽകിയ പൊലീസ് സർജനെ മെഡിക്കൽ ബോർഡിൽ ഉൾപ്പെടുത്തണമെന്നും ആലപ്പുഴ മെഡിക്കൽ കോളജിലെ മറ്റു ഡോക്ടർമാരെ മെഡിക്കൽ ബോർഡിൽ നിന്ന് ഒഴിവാക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. ആരോഗ്യവകുപ്പിൽ നിന്ന് ഇതുവരെ ആരും വിഷയത്തെപ്പറ്റി അന്വേഷിച്ചില്ലെന്നും കുടുംബം പറഞ്ഞു.

shortlink

Post Your Comments


Back to top button