ലക്നൗ: അയോധ്യ ശ്രീരാമക്ഷേത്രത്തിൽ പ്രതിഷ്ഠിച്ച വിഗ്രഹത്തെ പുനർനാമകരണം ചെയ്ത് പുരോഹിതന്മാർ. ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ച വിഗ്രഹം ഇനി മുതൽ ‘ബാലക രാമൻ’ എന്ന പേരിലാണ് അറിയപ്പെടുക. 5 വയസുകാരന്റെ രൂപവും തേജസുമുളള വിഗ്രഹമാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. അതിനാലാണ് വിഗ്രഹത്തിന് ബാലക രാമൻ എന്ന പേര് നൽകിയിരിക്കുന്നതെന്ന് പ്രാണപ്രതിഷ്ഠ ചടങ്ങുകൾക്ക് കാർമികത്വം വഹിച്ച പുരോഹിതന്മാരിൽ ഒരാൾ വ്യക്തമാക്കി.
51 ഇഞ്ച് ഉയരമുള്ള കൃഷ്ണശിലയിൽ കൊത്തിയെടുത്ത വിഗ്രഹമാണ് അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഗർഭഗൃഹത്തിൽ ജനുവരി 22ന് പ്രതിഷ്ഠിച്ചത്. ഏകദേശം 300 കോടി വർഷമാണ് ഈ കൃഷ്ണശിലയുടെ പഴക്കം. പ്രശസ്ത ശിൽപ്പി അരുൺ യോഗിരാജാണ് ബാലക രാമന്റെ വിഗ്രഹം ഇത്തരത്തിൽ കൊത്തിയെടുത്തത്. 200 കിലോഗ്രാമാണ് വിഗ്രഹത്തിന്റെ ഭാരം. ദിവസങ്ങൾ നീണ്ട വിപുലമായ ചടങ്ങുകൾക്ക് ശേഷമാണ് അയോധ്യയിൽ ശ്രീരാമ വിഗ്രഹം പ്രതിഷ്ഠിച്ചത്. പ്രതിഷ്ഠാദിനത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി ആളുകളാണ് ക്ഷേത്രസന്നിധിയിൽ എത്തിച്ചേർന്നത്.
Post Your Comments