അയോധ്യ: ഇന്നലെ പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾ പൂർത്തിയാക്കിയതിന് പിന്നാലെ ഇന്നുമുതൽ അയോധ്യയിലെ രാമക്ഷേത്രം ഭക്തർക്കായി തുറന്നു നൽകിയിരിക്കുകയാണ്. വലിയ ഭക്തജനത്തിരക്കാണ് അയോധ്യയിൽ അനുഭവപ്പെടുന്നത്. ഉദ്ഘാടനത്തിനും വളരെ മുമ്പ് തന്നെ അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രത്യേകതകൾ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്രമെന്ന ഖ്യാതിയാണ് അയോധ്യയിലെ രാമക്ഷേത്രത്തിനുള്ളത്. ഇപ്പോഴിതാ, അയോധ്യയിലെ ബാലരാമ വിഗ്രഹത്തിനുള്ള അലങ്കാരങ്ങൾ സംബന്ധിച്ച വിവരങ്ങളും പുറത്തുവന്നിരിക്കുകയാണ്.
രാമനെ അഞ്ചുവയസ്സുള്ള കുട്ടിയുടെ സങ്കല്പത്തിലുള്ളതാണ് അയോധ്യയിലെ രാമവിഗ്രഹം. രാം ലല്ല അഥവാ ബാലരാമൻ എന്നാണ് ഈ വിഗ്രഹത്തെ വിളിക്കുന്നത്. രാം ലല്ലയുടെ വിഗ്രഹം അലങ്കരിക്കാൻ ഉപയോഗിച്ചിരിക്കുന്നത് കോടികൾ വില വരുന്ന സ്വർണവും വജ്രങ്ങളുമാണ്. രാം ലല്ലയ്ക്ക് ആഭരണങ്ങൾ ഒരുക്കുന്നതിന്റെ ചുമതല ലഖ്നൗവിലെ ഹർസഹൈമൽ ശ്യാംലാൽ ജ്വല്ലേഴ്സിനായിരുന്നു. 15 ദിവസം മുമ്പാണ് രാം മന്ദിർ ട്രസ്റ്റ് ജ്വല്ലറിയുമായി ബന്ധപ്പെട്ട് നിർമാണ ചുമതല കൈമാറിയത്.
15 കിലോഗ്രാം സ്വർണവും 18,000 വജ്രങ്ങളും മരതകങ്ങളും വിഗ്രഹത്തിനായി ആഭരണങ്ങൾ നിർമ്മിക്കാൻ ഉപയോഗിച്ചിട്ടുണ്ട്. ഒരു തിലകം, ഒരു കിരീടം, നാല് മാലകൾ, അരപ്പട്ട, രണ്ട് ജോഡി പാദസരം, വിജയ് മാല, രണ്ട് മോതിരങ്ങൾ എന്നിവ ഉൾപ്പെടുന്ന ഗംഭീരമായ ആഭരണങ്ങൾ 12 ദിവസം കൊണ്ടാണ് പൂർത്തിയാക്കിയത്. 14 ആഭരണങ്ങളാണ് വിഗ്രഹത്തിന് മാറ്റ് കൂട്ടുന്നത്.
അദ്ധ്യാത്മ രാമായണം, ശ്രീമദ് വാൽമീകി രാമായണം, ശ്രീ രാമചരിതമാനസ്, ആലവന്ദർ സ്‌തോത്രം തുടങ്ങിയ വിശുദ്ധ ഗ്രന്ഥങ്ങളിൽ വിവരിച്ചിരിക്കുന്നതുപോലെ ശ്രീരാമന്റെ വേദാധിഷ്ഠിത സൗന്ദര്യം പുറത്തുകൊണ്ടുവരുന്ന തരത്തിലുള്ള ആഭരണങ്ങളാണ് വിഗ്രഹത്തിനായി ഉപയോഗിച്ചത്.
ആഭരണങ്ങളുടെ കേന്ദ്രഭാഗമായ കിരീടം പ്രശംസനീയമായ ശ്രദ്ധയോടെയാണ് നിർമ്മിച്ചത്. അഞ്ച് വയസ്സുള്ള ആൺകുട്ടിയുടെ തലപ്പാവിനോട് ഇതിന് സാമ്യമുണ്ട്. ഈ പ്രായത്തിലുള്ള വിഗ്രഹത്തിന് കിരീടം നിർമിക്കണമെന്നത് രാം മന്ദിർ ട്രസ്റ്റിന്റെ പ്രത്യേക താൽപര്യമായിരുന്നു. 75 കാരറ്റ് വജ്രങ്ങൾ, 175 കാരറ്റ് സാംബിയൻ മരതകം, 262 കാരറ്റ് മാണിക്യങ്ങൾ എന്നിവയ്ക്കൊപ്പം 22 കാരറ്റ് സ്വർണ്ണത്തിൽ നിർമ്മിച്ച കിരീടത്തിന് മാത്രം ഏകദേശം 1.7 കിലോഗ്രാം ഭാരമുണ്ട്. ഇത് ശ്രീരാമന്റെ സൂര്യവംശത്തെ സൂചിപ്പിക്കുന്നു. കൂടാതെ ശുദ്ധിയെ പ്രതീകപ്പെടുത്തുന്ന വജ്രങ്ങൾ ഉപയോഗിച്ചാണ് ഈ കിരീടം അലങ്കരിച്ചിരിക്കുന്നു.
തിലകമെന്ന് വിശേഷിപ്പിക്കുന്ന നെറ്റിയിലെ ‘ദിവ്യ അടയാളം’ 16 ഗ്രാം സ്വർണ്ണം ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്. മൂന്ന് കാരറ്റ് വജ്രങ്ങൾ മധ്യഭാഗത്തും 10 കാരറ്റ് വജ്രങ്ങളും ഇരുവശത്തും ഉപയോഗിച്ചിട്ടുണ്ട്. കൂടാതെ ബർമീസ് മാണിക്യം കിരീടത്തിന്റെ ഭംഗി ഒന്നുകൂടി വർധിപ്പിക്കുന്നു.
65 ഗ്രാം ഭാരമുള്ള ഒരു മരതക മോതിരം ആരുടെയും മനംകവരും. നാല് കാരറ്റ് വജ്രങ്ങളും 33 കാരറ്റ് മരതകവും മധ്യഭാഗത്ത് ഒരു സാംബിയൻ മരതകവും ഉള്ള മോതിരം ശ്രീരാമന്റെ ജ്ഞാനത്തെയും വനവാസി കാലത്ത് പ്രകൃതിയുമായുള്ള അദ്ദേഹത്തിന്റെ യോജിപ്പിനെയും പ്രതീകപ്പെടുത്തുന്നു. മൊത്തത്തിൽ, സങ്കീർണ്ണമായും ചിന്താപൂർവ്വം രൂപകൽപ്പന ചെയ്തതുമാണ് ഈ ആഭരണങ്ങൾ. ഇത് ശ്രീരാമന്റെ ദിവ്യ സൗന്ദര്യത്തെ കൂടുതൽ ജീവസുറ്റതാക്കുന്നുണ്ട്.
51 ഇഞ്ച് ഉയരമുള്ള രാമലല്ല വിഗ്രഹം തിങ്കളാഴ്ചയാണ് അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിന് ലക്ഷക്കണക്കിന് ആളുകൾ അവരുടെ വീടുകളിലും സമീപത്തെ ക്ഷേത്രങ്ങളിലും ടെലിവിഷനിലൂടെ സാക്ഷിയായി. ചടങ്ങുകൾക്കിടെ സൈനിക ഹെലികോപ്റ്ററുകൾ പുഷ്പവൃഷ്ടി നടത്തി.
ഉച്ചയ്ക്ക് 12.20നും 12.30നും ഇടയിലുള്ള 84 സെക്കൻഡ് ശുഭമുഹൂർത്തത്തിലാണ് പ്രാണ പ്രതിഷ്ഠ നടന്നത്. പ്രതിഷ്ഠ ചടങ്ങിൽ ‘മുഖ്യ യജമാനൻ’ എന്ന നിലയിലാണ് പ്രധാനമന്ത്രി ചടങ്ങിൽ പങ്കെടുത്തത്. കാശിയിലെ ഗണേശ്വർ ശാസ്ത്രി ദ്രാവിഡിന്റെ മേൽനോട്ടത്തിൽ പണ്ഡിറ്റ് ലഷ്മീകാന്ത് ദീക്ഷിതാണ് പൂജകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചത്. പ്രാണ പ്രതിഷ്ഠയ്ക്ക് ശേഷം ചൊവ്വാഴ്ചയാണ് രാമക്ഷേത്രത്തിന്റെ വാതിലുകൾ പൊതുജനങ്ങൾക്കായി തുറന്നത്.
Post Your Comments