ന്യൂഡൽഹി: എഴുപത്തിയഞ്ചാമത് റിപ്പബ്ലിക് ദിനത്തിനെ വരവേൽക്കാനൊരുങ്ങി രാജ്യം. എല്ലാ വർഷത്തെയും പോലെ ഇക്കുറിയും വിപുലമായ ആഘോഷങ്ങളോടെയാണ് റിപ്പബ്ലിക് ദിനം കൊണ്ടാടുന്നത്. 1950 ജനുവരി 26ന് ഇന്ത്യൻ ഭരണഘടന അംഗീകരിച്ചതിന്റെയും രാജ്യം റിപ്പബ്ലിക്കായി മാറിയതിന്റെയും സ്മരണാർത്ഥമാണ് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്. ജനുവരി 26ന് രാജ്യതലസ്ഥാനമായ ഡൽഹിയിൽ ഇന്ത്യയുടെ സൈനികശക്തിയും വൈവിധ്യവും വിളിച്ചോതുന്ന പരേഡുകളും സാംസ്കാരിക പരിപാടികളും സംഘടിപ്പിക്കുന്നതാണ്.
സൈനിക പരേഡ് രാഷ്ട്രപതി ഭവനിൽ നിന്ന് തുടങ്ങി രാജ്പഥിൽ കൂടി ചരിത്ര പ്രസിദ്ധമായ ചെങ്കോട്ടയിൽ അവസാനിക്കും. ഇന്ത്യയുടെ 3 സേനാവിഭാഗങ്ങളായ കരസേന, നാവികസേന, വ്യോമസേന എന്നിവ പരേഡിൽ അണിനിരക്കുന്നതാണ്. എല്ലാ വർഷവും കർത്തവ്യപഥിലാണ് റിപ്പബ്ലിക് ആഘോഷങ്ങൾ നടക്കാറുള്ളത്. പ്രതിരോധ മന്ത്രാലയം സംഘടിപ്പിക്കുന്ന പരിപാടിയിൽ രാഷ്ട്രപതിയാണ് അധ്യക്ഷത വഹിക്കാറുള്ളത്. കർത്തവ്യപഥിൽ റിപ്പബ്ലിക് ദിനാഘോഷം നടക്കുന്നതിന് പിന്നിൽ ചരിത്രപരമായ കാരണങ്ങൾ ഉണ്ട്. അവ എന്തൊക്കെയെന്ന് പരിചയപ്പെടാം.
മുൻപ് രാഷ്ട്രപഥ് എന്നറിയപ്പെട്ടിരുന്ന കർത്തവ്യപഥിന് ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽ നിർണായക പങ്കാണ് ഉള്ളത്. ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങൾ, സാംസ്കാരിക സമൃദ്ധി എന്നിവ പ്രദർശിപ്പിക്കുന്നതിന് അനുയോജ്യമായ ഇടമായിട്ടാണ് കർത്തവ്യപഥിനെ കണക്കാക്കുന്നത്. 1950 മുതൽ 1954 വരെയുള്ള നാല് വർഷം ഡൽഹിയിലെ വിവിധ ഇടങ്ങളിലായിട്ടാണ് റിപ്പബ്ലിക് ദിനാഘോഷങ്ങൾ നടന്നിരുന്നത്. ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം, കിങ്‌സ്‌വെ, ചെങ്കോട്ട, രാമലീല മൈതാനി എന്നിവിടങ്ങളിലാണ് അന്ന് റിപ്പബ്ലിക് ദിന പരേഡ് നടന്നിരുന്നത്. 1955 മുതലാണ് പരേഡുകൾ കർത്തവ്യപഥിൽ നടത്താൻ ആരംഭിച്ചത്. രാഷ്ട്രപതി ഭവൻ, പാർലമെൻ്റ് മന്ദിരം, സൗത്ത് ബ്ലോക്ക്, നോർത്ത് ബ്ലോക്ക്, കൊണാട്ട് പ്ലേസ് തുടങ്ങിയ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന പാത കൂടിയാണ് കർത്തവ്യപഥ്.
Post Your Comments