ലക്നൗ: ഭാരതം ഒന്നടങ്കം കാത്തിരിക്കുന്ന പ്രാണപ്രതിഷ്ഠ ചടങ്ങിന് ഇനി ശേഷിക്കുന്നത് മണിക്കൂറുകൾ മാത്രം. രാമനഗരിയായ അയോധ്യയിൽ നാളെ 10 ലക്ഷം രാമജ്യോതികളാണ് തെളിയുക. സരയൂ നദീതീരത്ത് നിന്ന് ശേഖരിച്ച മണ്ണ് കൊണ്ട് നിർമ്മിച്ച ചിരാതുകളാണ് രാമജ്യോതി തെളിയിക്കുന്നതിനായി ഉപയോഗിക്കുക. 10 ലക്ഷത്തോളം രാമജ്യോതികൾ തെളിയുന്നതോടെ അയോധ്യ നഗരം ദീപാലംകൃതമാകും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും, മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ആഹ്വാന പ്രകാരം, വീടുകളിലും കടകളിലും ആരാധനാലയങ്ങളിലും ചരിത്ര പ്രധാനമായ സ്ഥലങ്ങളിലുമെല്ലാം രാമജ്യോതി തെളിയുന്നതാണ്. അയോധ്യയിലെ ശ്രീരാമന്റെ ദിവ്യ സാന്നിധ്യത്തെ പ്രതീകപ്പെടുത്തുന്ന അന്തരീക്ഷമാകും നാളെ അയോധ്യയിൽ സൃഷ്ടിക്കപ്പെടുക. 2017 മുതൽ തന്നെ യോഗി സർക്കാർ ദീപങ്ങൾ കൊണ്ട് അയോധ്യയെ അലങ്കരിക്കാറുണ്ട്.
നാളെയാണ് അയോധ്യ ശ്രീരാമ ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങ് നടക്കുക. ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യാതിഥിയാവും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും 7000-ത്തിലധികം വിഐപികൾ ചടങ്ങിൽ പങ്കെടുക്കുന്നതാണ്. രാമക്ഷേത്രത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ ഇതിനോടകം ക്ഷേത്രം ട്രസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.
Post Your Comments