Life Style

മഞ്ഞുകാലത്ത് വെള്ളം കുടി കുറഞ്ഞാല്‍ ശരീരത്തെ കാത്തിരിക്കുന്നത് ഈ അപകടം

 

മഞ്ഞുകാലത്ത് പല അസുഖങ്ങളും ആരോഗ്യപ്രശ്‌നങ്ങളുമെല്ലാം ആളുകളെ അലട്ടാറുണ്ട്. അത്തരത്തില്‍ നിരവധി പേര്‍ മഞ്ഞുകാലമാകുമ്പോള്‍ നേരിടുന്നൊരു പ്രശ്‌നമാണ് ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുന്നു എന്നത്. പൊതുവെ ചൂടില്ലാത്ത കാലാവസ്ഥയില്‍ അത് മഴയായാലും, മഞ്ഞ് ആയാലും ആളുകള്‍ വെള്ളം കുടിക്കുന്നത് കുറയാറുണ്ട്.

മഞ്ഞുകാലത്ത് സത്യത്തില്‍ നാം സാധാരണഗതിയില്‍ കുടിക്കുന്നതിലും അധികം വെള്ളം കുടിക്കണം. കാരണം ശരീരത്തില്‍ നിന്ന് മഞ്ഞുകാലത്ത് അധികം ജലാംശം പുറത്തേക്ക് പോകുന്നുണ്ട്. അന്തരീക്ഷം ഡ്രൈ ആയിരിക്കുന്നതിനാല്‍ തന്നെ ശരീരത്തില്‍ നിന്ന് ജലാംശം വറ്റിപ്പോവുകയാണ് ചെയ്യുന്നത്. ഇതുകൊണ്ടാണ് മഞ്ഞുകാലത്ത് അധികം വെള്ളം കുടിക്കണമെന്ന് നിര്‍ദ്ദേശിക്കുന്നത്. പലര്‍ക്കും ഇക്കാര്യം അറിയില്ല എന്നതാണ് സത്യം.

ശരീരത്തില്‍ നിന്ന് ഉള്ള ജലാംശം വറ്റിപ്പോവുകയും, കുടിക്കുന്ന വെള്ളത്തിന്റെ അളവ് കുറയുകയും ചെയ്യുന്ന അവസ്ഥയില്‍ നിര്‍ജലീകരണത്തിനുള്ള സാധ്യത വളരെയേറെയാണ്. നിര്‍ജലീകരണം അഥവാ ഡീഹൈഡ്രേഷന്‍ എന്ന് പറഞ്ഞാല്‍ ശരീരത്തിന് അതിന്റെ വിവിധങ്ങളായ ആവശ്യങ്ങള്‍ക്ക് വേണ്ടത്ര വെള്ളം കിട്ടാത്ത അവസ്ഥയാണ്.

ഇത് പല ആരോഗ്യപ്രശ്‌നങ്ങളിലേക്കും ആരോഗ്യപരമായ പ്രയാസങ്ങളിലേക്കുമാണ് നമ്മെ നയിക്കുക. മൂത്രാശയ അണുബാധ, മൂത്രത്തില്‍ കല്ല്, വിവിധ അണുബാധകള്‍, ഡ്രൈ സ്‌കിന്‍, മലബന്ധം എന്നുതുടങ്ങി പലവിധ പ്രശ്‌നങ്ങളിലേക്കാണ് നിര്‍ജലീകരണം നയിക്കുക.

ഇതില്‍ ഏറ്റവും അപകടകരമായ അവസ്ഥ ഹൃദയംബന്ധമായ പ്രശ്‌നങ്ങളാണ്. മഞ്ഞുകാലത്ത് ഹൃദയസംബന്ധമായ പ്രയാസങ്ങളുള്ളവരില്‍ ആരോഗ്യാവസ്ഥ മോശമാകുന്നത് കൂടുതലാകാനുള്ള കാരണവും നിര്‍ജലീകരണം തന്നെ.

തണുപ്പുള്ള അന്തരീക്ഷത്തില്‍ താപനില പിടിച്ചുനിര്‍ത്താന്‍ വേണ്ടി ശരീരം ചര്‍മ്മത്തിലെ രക്തക്കുഴലുകള്‍ കൂടുതല്‍ ഞെരുക്കും. ഇതിലൂടെ ബിപി (രക്തസമ്മര്‍ദ്ദം) ഉയരാന്‍ കാരണമാകുന്നു. ഇത് ഹൃദയത്തിനാണ് ഭാരം സൃഷ്ടിക്കുക.

അതുപോലെ വെള്ളം ആവശ്യത്തിന് എത്തിയില്ലെങ്കില്‍ രക്തത്തിന്റെ കട്ടി കൂടും. ഇത് രക്തയോട്ടം പതുക്കെ ആകുന്നതിലേക്ക് നയിക്കാം. ഈ അവസരത്തില്‍ ഹൃദയത്തിന് കൂടുതല്‍ ജോലി ചെയ്യേണ്ടി വരുന്നു. ഇതും ബിപി കൂടാന്‍ കാരണമാകുന്നു. വീണ്ടും ഹൃദയത്തിന് തന്നെ സ്‌ട്രെസ്.

നിര്‍ജലീകരണം സംഭവിക്കുമ്പോള്‍ നെഞ്ചിടിപ്പും ഉയരുന്നു. ഇതും ഹൃദയത്തിന് ദോഷമാണ്.

നിര്‍ജലീകരണം വല്ലാതെ നേരിടുകയാണെങ്കില്‍ അത് രക്തത്തില്‍ ചെറിയ കട്ട പിടിക്കലുകള്‍ സംഭവിക്കുന്നതിലേക്കും നയിക്കാം. ഇത് ഹൃദയാഘാതം (ഹാര്‍ട്ട് അറ്റാക്ക്), പക്ഷാഘാതം (സ്‌ട്രോക്ക്) എന്നിങ്ങനെയുള്ള ഗുരുതരമായ സാഹചര്യങ്ങളിലേക്കെല്ലാം നയിക്കാം.

ഇക്കാരണങ്ങളെല്ലാം കൊണ്ടുതന്നെ മഞ്ഞുകാലത്ത് ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ട് എന്നുറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button