ശ്രീനഗർ: നിയന്ത്രണ രേഖയിൽ ഭീകരരുടെ കുഴിബോംബാക്രമണം. രജൗരിയിലാണ് ആക്രമണം ഉണ്ടായത്. കുഴിബോംബാക്രമണത്തിൽ മൂന്ന് ജവാന്മാർക്ക് പരിക്കേറ്റു. നൗഷേരയിലെ നിയന്ത്രണ രേഖയ്ക്ക് സമീപത്താണ് സൈനികർക്ക് നേരെ ഇന്ന് രാവിലെ ഭീകരരുടെ കുഴിബോംബാക്രമണം നടന്നത്. നിയന്ത്രണ രേഖയിൽ നിരീക്ഷണം നടത്തുകയായിരുന്ന 17-ാമത് സിഖ് ലൈറ്റ് ബറ്റാലിയൻ ഉദ്യോഗസ്ഥർക്കാണ് കുഴിബോംബാക്രമണത്തിൽ പരിക്കേറ്റത്. പരിക്കേറ്റവരെ ഉദ്ധംപൂരിലെ കമാൻഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ ആരോഗ്യ നില ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. മേഖലയിൽ നിരീക്ഷണം ശക്തമാക്കിയതായി അധികൃതർ അറിയിച്ചു.
അതേസമയം, പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ പശ്ചാത്തലത്തിൽ അയോധ്യ ശ്രീരാമക്ഷേത്രത്തിൽ അതീവ സുരക്ഷ ഉറപ്പുവരുത്തിയിരിക്കുകയാണ് സർക്കാർ. സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ക്ഷേത്ര നഗരിയിൽ ഭീകരവാദ വിരുദ്ധ സ്‌ക്വാഡിനെ വിന്യസിച്ചിട്ടുണ്ട്. അയോദ്ധ്യയിലെ ലതാ മങ്കേഷ്‌കർ ചൗക്കിലാണ് ഭീകരവാദ വിരുദ്ധ സ്‌ക്വാഡിനെ വിന്യസിച്ചിരിക്കുന്നത്. പ്രാണപ്രതിഷ്ഠയുടെയും റിപ്പബ്ലിക് ദിനത്തിന്റെയും ഭാഗമായാണ് കർശന സുരക്ഷ ഉറപ്പുവരുത്തുന്നത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള ആന്റി-മൈൻ ഡ്രോണുകളും അയോദ്ധ്യയിലുടനീളം വിന്യസിക്കും. നഗരത്തിലെ 10,548 ഇടങ്ങളിൽ സിസിടിവി സ്ഥാപിച്ചിട്ടുണ്ട്. ഓപ്പറേഷൻ ത്രിനേത്രയുടെ ഭാഗമായാണ് സിസിടിവി സ്ഥാപിച്ചത്. അയോദ്ധ്യ പോലീസ് സ്റ്റേഷന്റെ പരിസരത്ത് 1500 ക്യാമറകളും സ്ഥാപിച്ചു.
Post Your Comments