Latest NewsKeralaNews

‘നേരത്തെ ഓഫീസിൽ വരും, വൈകിയെ പോകൂ’: ഉടമ അറിയാതെ കമ്പനിയിൽ നിന്നും അമ്മയും മകളും തട്ടിയത് ഒന്നരക്കോടിയോളം രൂപ

കൊച്ചി: ആയുർവേദ ചികിത്സാ ഉപകരണങ്ങൾ നിർമിക്കുന്ന കമ്പനിയിൽ നിന്ന് ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ കമ്പനിയിലെ ജീവനക്കാരിയും ഡോക്ടറായ മകളും അറസ്റ്റിൽ. കോതമംഗലം തൃക്കാരിയൂർ വിനായകം വീട്ടിൽ രാജശ്രീ എസ്. പിള്ള, മകൾ ഡോ. ലക്ഷ്മി നായർ തുടങ്ങിയവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മൂവാറ്റുപുഴ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ദ്രോണി ആയുർവേദ’ എന്ന സ്ഥാപനത്തിൽ നിന്നാണ് ഇവർ പണം തട്ടിയെടുത്തത്. പല തവണയായാണ് ഇവർ കമ്പനിയുടെ അക്കൗണ്ടിൽ നിന്നും പണം തട്ടി സ്വന്തം അക്കൗണ്ടുകളിലേക്ക് മാറ്റിയത്.

ബിസിനസ് വർധിച്ചിട്ടും അക്കൗണ്ടിൽ പണം കുറയുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഉടമ ജീവനക്കാരെ നിരീക്ഷിക്കാൻ തുടങ്ങിയത്. പിന്നീട് നടത്തിയ വിശദ പരിശോധനയിലാണ് രാജശ്രീയുടെ അക്കൗണ്ടുകളിലേക്ക് പണം മാറ്റിയെന്ന് വ്യക്തമായത്. തുടർന്ന് ഉടമ പോലീസിൽ പരാതി നൽകി. മൂന്ന് വർഷങ്ങൾക്ക് മുൻപാണ് രാജശ്രീ സ്ഥാപനത്തിൽ ജോലിയ്ക്ക് കയറിയത്. കമ്പനിയിൽ അക്കൗണ്ട്സ്, ടെലിമാർക്കറ്റിങ് വിഭാഗത്തിലായിരുന്നു രാജശ്രീ ജോലി ചെയ്തിരുന്നത്. ഓഫീസിൽ നേരത്തെ വന്ന് വൈകി മാത്രം ജോലികഴിഞ്ഞ് പോകുന്നയാളായിരുന്നു രാജശ്രീ. വളരെ വേഗം തന്നെ സ്ഥാപനത്തിലുള്ളവരുടെ വിശ്വാസ്യത നേടാൻ രാജശ്രീയ്ക്ക് കഴിഞ്ഞു.

കമ്പനിയുടെ അക്കൗണ്ടിൽ നിന്ന് സ്വന്തം അക്കൗണ്ടിലേക്ക് പണം മാറ്റിയതിന് പുറമേ കമ്പനിയുടെ ഉപഭോക്താക്കളിൽ നിന്ന് സ്വന്തം അക്കൗണ്ടിലേക്ക് പണം വാങ്ങിയും രാജശ്രീ തട്ടിപ്പ് നടത്തിയെന്ന് കമ്പനി ഉടമ ആരോപിക്കുന്നു. കമ്പനിയുടെ പുതിയ ഉപഭോക്താക്കളിൽ നിന്നാണ് ഇവർ ഇത്തരത്തിൽ പണം തട്ടിയത്. കമ്പനിയുടെ അക്കൗണ്ടെന്ന് പറഞ്ഞ് സ്വന്തം ബാങ്ക് അക്കൗണ്ട് വിവരങ്ങളാണ് ഇവർ ഉപഭോക്താക്കൾക്ക് നൽകിയിരുന്നത്. ഇതിന് പുറമെ, കമ്പനിയിൽ നിന്ന് ചില ആയുർവേദ ഉപകരണങ്ങൾ മോഷ്ടിച്ച് വിൽപ്പന നടത്തിയെന്ന പരാതിയും ഇവർക്കെതിരെയുണ്ട്.

മക്കളുടെ വിദ്യാഭ്യാസച്ചെലവിനായി പണം തട്ടിയെടുത്തെന്നായിരുന്നു പ്രതി ആദ്യം വെളിപ്പെടുത്തിയത്. ഇതിൽ 50 ലക്ഷത്തോളം രൂപ ചെലവാക്കിയെന്നും പറയുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. മകളുടെ ഒരു അക്കൗണ്ടിലേക്ക് 45 ലക്ഷത്തോളം രൂപയും മറ്റൊരു അക്കൗണ്ടിലേക്ക് 16 ലക്ഷം രൂപയും രാജശ്രീ മാറ്റിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button