Latest NewsKeralaNews

പ്രാണപ്രതിഷ്ഠ നടക്കുമ്പോൾ കേരളത്തിലെ എല്ലാ വീടുകളിലും ക്ഷേത്രങ്ങളിലും രാമജ്യോതി തെളിയിക്കണം: പ്രധാനമന്ത്രി

കൊച്ചി: അയോദ്ധ്യ രാമക്ഷേത്രത്തിൽ പ്രാണ പ്രതിഷ്ഠ നടക്കുമ്പോൾ കേരളത്തിലെ എല്ലാ വീടുകളിലും ക്ഷേത്രങ്ങളിലും രാമജ്യോതി തെളിയിക്കണമെന്ന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനുവരി 22-ന് അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ നടക്കുകയാണെന്നും കോടാനുകോടി ജനങ്ങളുടെ വിശ്വാസവും ഭക്തിയും നിറയുന്ന മുഹൂർത്തമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു.

പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾക്ക് മുന്നേ ആചരിക്കേണ്ട മര്യാദകളും ആചാരങ്ങളും അനുഷ്ഠാനങ്ങളും താൻ പാലിച്ചുകൊണ്ടിരിക്കുകയാണ്. രാമായണ മാസം ആചരിക്കുന്ന നാടാണ് കേരളം. അതിനാൽ കേരളത്തിലെ എല്ലാ പ്രദേശങ്ങളിലും വീടുകളിലും ക്ഷേത്രങ്ങളിലും സമ്പൂർണ ഭക്തിയോടുകൂടി പ്രാണ പ്രതിഷ്ഠാ ദിനത്തിൽ രാമ ജ്യോതി തെളിയിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസങ്ങളായി രാജ്യത്തെ അനേകം ക്ഷേത്രങ്ങൾ ദർശിക്കാൻ തനിക്ക് ഭാഗ്യം ലഭിച്ചു. അവിടെ ശുചീകരണത്തിൽ ഏർപ്പെടാനുള്ള സൗഭാഗ്യം ലഭിക്കുകയും ചെയ്തു. നിങ്ങളുടെ ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും ക്ഷേത്രങ്ങൾ നിങ്ങളും വൃത്തിയാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപി പ്രവർത്തകരുടെ ശക്തികേന്ദ്ര സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

അതേസമയം, കേരളത്തിലെ ബിജെപി പ്രവർത്തകരുടെ കഴിവിനെ പ്രധാനമന്ത്രി പ്രശംസിക്കുകയും ചെയ്തു. സംസ്ഥാനത്തെ ബിജെപി പ്രവർത്തകരുടെ കഴിവ് വളരെ വലുതാണ്. കഴിഞ്ഞ ദിവസം തൃശൂരിൽ നടന്ന സ്ത്രീശക്തി സംഗമത്തിൽ ഇത് കാണാൻ കഴിഞ്ഞു. തന്റെ ജീവിതത്തിന്റെ വലിയ സമയം, താൻ സംഘടനാ പ്രവർത്തനത്തിനായി ചെലവഴിച്ചതാണ്. അതുകൊണ്ട് തന്നെ അനുഭവത്തിന്റെ വെളിച്ചത്തിൽ തനിക്ക് പറയാൻ സാധിക്കും, ഇതുപോലെയുള്ള വലിയ സമ്മേളനം, അത് നടത്തണമെങ്കിൽ ഒരു ശക്തമായ സംഘടനയ്ക്ക് മാത്രമേ സാധിക്കൂ. ഇത് നിങ്ങൾ കേരളത്തിൽ എത്രമാത്രം പരിശ്രമിക്കുന്നുവെന്ന് തനിക്ക് കാണിച്ചുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

വിപരീത പരിസ്ഥിതിയിലും കേരളത്തിന്റെ മുക്കിലും മൂലയിലുമുള്ള പ്രവർത്തകരുടെ പല തലമുറകൾ പാർട്ടിയുടെ പതാക ഉയരെ പാറിക്കുന്നതിൽ വിജയിച്ചു. രാഷ്ട്രീയ അക്രമങ്ങളുടെ ഇടയിലും പ്രത്യയ ശാസ്ത്രത്തോടും ദേശഭക്തിയോടും അചഞ്ചലമായ വിശ്വാസമർപ്പിച്ച് ആ പ്രവർത്തകരുടെ തലമുറയെ താൻ ശിരസ് നമിച്ച് വണങ്ങുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button