ന്യൂഡല്‍ഹി: ഈ മാസം 22ന് നടക്കുന്ന അയോധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള കാരണം വ്യക്തമാക്കി പുരിയിലെ ശങ്കരാചാര്യ സ്വാമി നിശ്ചലാനന്ദ സരസ്വതി മഹാരാജ്. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണ്‍ പ്രതിഷ്ഠാ ചടങ്ങ് നാല് ശങ്കരാചാര്യന്മാര്‍ ബഹിഷ്‌കരിക്കുമെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് നിശ്ചാലനന്ദ മഹാരാജിന്റെ പ്രതികരണം. തീരുമാനത്തിന് കാരണം പാരമ്പര്യങ്ങളില്‍ നിന്നുള്ള വ്യതിചലനമാണെന്നും അദ്ദേഹം വെളിപ്പെടുത്തി. രാം ലല്ല വിഗ്രഹം ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കുന്നത് പാരമ്പര്യ ആചാരങ്ങള്‍ പാലിച്ചല്ലെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.
ചടങ്ങില്‍ പങ്കെടുത്താത് അഹങ്കാരമല്ല. ശങ്കരാചാര്യന്മാര്‍ സ്വന്തം അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുകയാണ്. അയോധ്യാ ക്ഷേത്രത്തില്‍ പ്രധാനമന്ത്രി രാംലല്ല പ്രതിഷ്ഠിക്കുമ്പോള്‍ ഞങ്ങള്‍ പുറത്തിരുന്ന് കൈയടിക്കുമെന്നാണോ നിങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. അതേസമയം, ചടങ്ങില്‍ ഒരു മതേതര സര്‍ക്കാരിന്റെ സാന്നിധ്യം ആചാരത്തെ ലംഘിക്കുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിര്‍മാണം അപൂര്‍ണമായ ക്ഷേത്രത്തിലെ പ്രാണ്‍ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കേണ്ടെന്നാണ് തീരുമാനമെന്ന് ശങ്കരാചാര്യര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനിടെ, നാല് ശങ്കരാചാര്യന്മാര്‍ പരിപാടിയില്‍ നിന്ന് വിട്ടുനിന്നതില്‍ പ്രതിപക്ഷം പ്രതികരണവുമായി എത്തി.
Post Your Comments