തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ റേഷൻ വിതരണം തടസ്സപ്പെടും. റേഷൻ കടകളിൽ സാധനങ്ങൾ എത്തിക്കുന്ന കരാറുകാർ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചതോടെയാണ് വിതരണം തടസ്സപ്പെടുന്നത്. ഏകദേശം 100 കോടി രൂപയിലധികമാണ് സർക്കാർ കരാറുകാർക്ക് കുടിശ്ശിക ഇനത്തിൽ നൽകാനുള്ളത്. ഇന്നലെ കൊച്ചിയിൽ ചേർന്ന ട്രാൻസ്പോർട്ടിംഗ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ യോഗമാണ് ഇന്ന് മുതൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുന്നത്.
ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ഗോഡൗണിൽ നിന്ന് റേഷൻ സംഭരണ കേന്ദ്രങ്ങളിലേക്കും, അവിടെ നിന്ന് റേഷൻ കടകളിലേക്കും ധാന്യങ്ങൾ വിതരണം ചെയ്യുന്ന കരാറുകാരാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. കുടിശ്ശിക തീർത്തതിനു ശേഷം മാത്രമേ ഇനി മുതൽ റേഷൻ വിതരണം നടത്തുകയുള്ളൂവെന്ന് കരാറുകൾ അറിയിച്ചിട്ടുണ്ട്. സമരം നീണ്ടു പോകുകയാണെങ്കിൽ റേഷൻ കടകളിലെ സ്റ്റോക്ക് തീരാൻ സാധ്യതയുണ്ട്. ഇതോടെ, സംസ്ഥാനത്തെ റേഷൻ വിതരണം മുടങ്ങും. അതേസമയം, കരാറുകാരുടെ ആവശ്യങ്ങൾ പരിഗണിക്കുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്.
Also Read: ഭക്തിസാന്ദ്രമായി സന്നിധാനം: തിരുവാഭരണ ഘോഷയാത്ര ഇന്ന്
Post Your Comments