News

കൈവെട്ട് കേസ്: മുഖ്യപ്രതി സവാദിനെ പിടികൂടാന്‍ എന്‍ഐഎ ഉദ്യോഗസ്ഥരെ സഹായിച്ചത് മൂത്ത കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ്

 

കാസര്‍കോട്: പ്രൊഫ.ടി.ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതിയായ സവാദിനെ പിടികൂടാന്‍ എന്‍ഐഎ ഉദ്യോഗസ്ഥര്‍ക്ക് സഹായകമായത് കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റെന്ന് റിപ്പോര്‍ട്ട്. വിവാഹ സമയത്ത് നല്‍കിയ പേര് ഷാജഹാന്‍ എന്നാണെങ്കിലും മൂത്ത കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ നല്‍കിയത് യഥാര്‍ത്ഥ പേരാണ്. മംഗല്‍പ്പാടി പഞ്ചായത്ത് നല്‍കിയ ജനന സര്‍ട്ടിഫിക്കറ്റിലാണ് അച്ഛന്റെ പേര് എം.എം സവാദ് എന്ന് രേഖപ്പെടുത്തിയത്.

Read Also: സമസ്തയുടെ ഉസ്താദുമാരെയോ പണ്ഡിതന്മാരെയോ പ്രയാസപ്പെടുത്തിയാൽ കൈവെട്ടുമെന്ന് ഭീഷണിയുമായി സത്താർ പന്തല്ലൂർ

13 വര്‍ഷമായി ഒളിവിലായിരുന്ന സവാദിനെ ബുധനാഴ്ച രാവിലെ കണ്ണൂര്‍ മട്ടന്നൂരില്‍ നിന്നാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. മട്ടന്നൂരില്‍ ഷാജഹാന്‍ എന്ന പേരില്‍ ഒളിവില്‍ താമസിച്ച് ആശാരിപ്പണി ചെയ്ത് വരുന്നതിനിടയിലാണ് സവാദ് പിടിയിലായത്. എന്‍ഐഎയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് വീട് വളഞ്ഞ് പിടികൂടുകയായിരുന്നു.

കൊച്ചി എന്‍ഐഎ ആസ്ഥാനത്തെത്തിച്ച പ്രതിയെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. 2010 ജൂലൈ 4നാണ് തൊടുപുഴ ന്യുമാന്‍സ് കോളേജിലെ മലയാളം അധ്യാപകനായ പ്രൊഫസര്‍ ടി.ജെ ജോസഫിന്റെ കൈവെട്ടിമാറ്റിയത്. സംഭവത്തിന് പിറകെ കൈവെട്ടാന്‍ ഉപയോഗിച്ച മഴു അടക്കമുള്ള ആയുധവുമായി സവാദ് ഒളിവില്‍ പോകുകയിരുന്നു.

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ സംരക്ഷണത്തിലായിരുന്നു സവാദിന്റെ ഒളിവ് ജീവിതമെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. 13 വര്‍ഷം ഒളിവിലിരിക്കാന്‍ സവാദിനെ സഹായിച്ചത് ആരൊക്കെയാണെന്നും കാണാമറയത്ത് സവാദ് എവിടെയൊക്കെയാണ് കഴിഞ്ഞതെന്നുമൊക്കെയുള്ള കാര്യങ്ങളില്‍ വിശദമായ അന്വേഷണം നടത്താനാണ് എന്‍ഐഎയുടെ നീക്കം. വിദേശത്തായിരുന്നുവെന്ന് പറയപ്പെടുന്ന സവാദ് എപ്പോഴാണ് കേരളത്തിലെത്തിയതെന്ന കാര്യത്തിന് ഉള്‍പ്പെടെ വ്യക്തത വരേണ്ടതുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button