Latest NewsKeralaNews

ഏറെ നാളുകള്‍ക്ക് ശേഷമാണ് മുഖ്യമന്ത്രി വേദിയിലുള്ളപ്പോള്‍ മൂര്‍ച്ചയുള്ള രാഷ്ട്രീയ വിമര്‍ശനം കേള്‍ക്കുന്നത്

പിണറായി വിജയനെ വേദിയിലിരുത്തി എം.ടി വാസുദേവന്‍ നായര്‍ നടത്തിയ രാഷ്ട്രീയ വിമര്‍ശനത്തില്‍ പ്രതികരണവുമായി യാക്കോബായ സഭയുടെ നിരണം ഭദ്രാസന മെത്രാപ്പോലീത്തയായിരുന്ന ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി എം.ടി വാസുദേവന്‍ നായര്‍ നടത്തിയ രാഷ്ട്രീയ വിമര്‍ശനത്തില്‍ പ്രതികരണവുമായി യാക്കോബായ സഭയുടെ നിരണം ഭദ്രാസന മെത്രാപ്പോലീത്തയായിരുന്ന ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. ഒത്തിരി നാളുകള്‍ക്ക് ശേഷമാണ് ഒരു പ്രമുഖ സാംസ്‌കാരിക നായകനില്‍ നിന്ന് പല്ലുള്ള ഒരു രാഷ്ട്രീയ വിമര്‍ശനം കേള്‍ക്കുന്നതെന്ന് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ഫേസ്ബുക്കില്‍ കുറിച്ചു.

 

‘അധികാരത്തിലുള്ള എല്ലാവരും കേള്‍ക്കേണ്ട ശബ്ദം. മൂര്‍ച്ചയുള്ള ശബ്ദം. കാതുള്ളവര്‍ കേള്‍ക്കട്ടെ, അധികാരം അടിച്ചമര്‍ത്താന്‍ ഉള്ളതല്ല, അധികാരം ജനസേവനത്തിന് മാത്രം ആവട്ടെ’- ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം കോഴിക്കോട് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവെലിലാണ് മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി എം.ടി വാസുദേവന്‍ നായര്‍ രൂക്ഷ വിമര്‍ശനം നടത്തിയത്.

അധികാരമെന്നാല്‍ ആധിപത്യമോ സര്‍വ്വാധിപത്യമോ ആകാമെന്നും രാഷ്ട്രീയ പ്രവര്‍ത്തനം അധികാരത്തിലെത്താനുള്ള അംഗീകൃത മാര്‍ഗമായി മാറിയെന്നും ആയിരുന്നു എം.ടിയുടെ വിമര്‍ശനം. അധികാരത്തെയും അധികാരികള്‍ സൃഷ്ടിക്കുന്ന ആള്‍ക്കൂട്ടത്തെയും അതുവഴി രൂപപ്പെടുന്ന നേതൃപൂജകളെയും കുറിച്ച് എം.ടി രൂക്ഷമായ വിമര്‍ശനമാണ് നടത്തിയത്.

നയിക്കാന്‍ ഏതാനും പേരും നയിക്കപ്പെടാന്‍ അനേകരും എന്ന സങ്കല്‍പ്പത്തെ മാറ്റിയെടുക്കാന്‍ ഇഎംഎസ് എന്നും ശ്രമിച്ചു. നേതൃത്വ പൂജകളിലൊന്നും അദ്ദേഹത്തെ കാണാഞ്ഞതും അതുകൊണ്ടു തന്നെയാണെന്നും എം.ടി പറഞ്ഞു. അതേസമയം, എം.ടിയുടെ വിമര്‍ശനം മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും ഉദ്ദേശിച്ചല്ലെന്നാണ് പാര്‍ട്ടി മുഖപത്രം ദേശാഭിമാനി വിശദീകരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button