Latest NewsKeralaNews

സവാദ് പ്രതിയെന്നറിഞ്ഞത് ഇന്നലെ, വിവാഹം നടത്തിയത് ഷാജഹാനെന്ന് വിശ്വസിപ്പിച്ച്’; ഭാര്യാപിതാവ്

കൊച്ചി: മകളുടെ ഭർത്താവ് കൈവെട്ടുകേസിലെ ഒന്നാംപ്രതി സവാദ് ആണെന്നറിയുന്നത് ഇന്നലെ എൻ.ഐ.എ സംഘം ഇയാളെ അറസ്റ്റ് ചെയ്തപ്പോഴാണെന്ന് ഭാര്യാ പിതാവ്. ഷാജഹാന്‍ ആണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് മകളെ വിവാഹം കഴിച്ചത്. വിവാഹശേഷം ഇവര്‍ കണ്ണൂരിലേക്ക് പോയെന്നും സവാദിന്‍റെ ഭാര്യാപിതാവായ അബ്ദുള്‍ റഹിമാന്‍ പറഞ്ഞു. തനിക്ക് എസ്ഡിപിഐ ബന്ധമുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. മനോരമ ന്യൂസിനോടായിരുന്നു ഇയാളുടെ വെളിപ്പെടുത്തൽ.

കേസിൽ രണ്ടുഘട്ടമായാണ് വിചാരണ പൂർത്തിയാക്കി പ്രതികൾക്ക് ശിക്ഷ പ്രഖ്യാപിച്ചത്. മറ്റു പ്രതികളെല്ലാം ശിക്ഷിക്കപ്പെട്ട ശേഷമാണ് സവാദ് പിടിയിലാകുന്നത്. ആ സമയത്തെല്ലാം ഒന്നാംപ്രതി പിടികിട്ടാപ്പുള്ളിയായിരുന്നു. ഭീകരപ്രവർത്തനം തെളിഞ്ഞതായി ചൂണ്ടിക്കാട്ടിയ കോടതി, ഒന്നാംപ്രതിയെ പിടികൂടാനാകാത്തത് വിധിയിൽ പ്രത്യേകം പരാമർശിക്കുകയും ചെയ്തിരുന്നു. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതാണ് സവാദിന് കുരുക്കായത്. മറ്റൊരു ഐഡന്റിറ്റിയിൽ ജീവിക്കുകയായിരുന്ന സവാദിന് ഏറ്റ തിരിച്ചടിയായിരുന്നു കേന്ദ്രം പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചത്.

പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതിന് പിന്നാലെ വരുമാനം മുടങ്ങിയതോടെയാണ് സവാദ് തൊഴിൽതേടി കണ്ണൂരിലെത്തിയത്. ഇത് സംബന്ധിച്ച് ദേശീയ അന്വേഷണ ഏജൻസിക്ക് വിവരം കിട്ടിയിരുന്നു. എട്ടുമാസം മുമ്പായിരുന്നു ഇത്. ഇതോടെ മുമ്പ് എൻ.ഐ.എ.യിൽ ജോലി ചെയ്തിരുന്ന ചില പോലീസുദ്യോഗസ്ഥരുടെ സഹായത്തോടെ എൻഐഎ കണ്ണൂരിൽ നിരീക്ഷണം ശക്തമാക്കി. ഏതാനും ദിവസം മുമ്പ് ഒരാൾ വീടിനെക്കുറിച്ച് കൃത്യമായ വിവരം നൽകി. പക്ഷേ, പേര് ഷാജഹാൻ ആണെന്നത് അന്വേഷണസംഘത്തെ കുഴക്കി. ഇയാൾക്ക് കുഞ്ഞുണ്ടെന്ന് മനസ്സിലാക്കിയ സംഘം നഗരസഭയിലെ ജനനസർട്ടിഫിക്കറ്റ് പരിശോധിക്കുകയും ഈ വീട്ടുവിലാസത്തിലുള്ളയാൾ സവാദാണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു. ചൊവ്വാഴ്ചയായിരുന്ന ഈ സ്ഥിരീകരണം. അന്നുവൈകീട്ട് രണ്ടുകാറുകളിലായി അഡീഷണൽ എസ്.പി. സുഭാഷ് ചന്ദ്രയുടെ നേതൃത്വത്തിൽ 12 എൻ.ഐ.എ. ഉദ്യോഗസ്ഥർ കൊച്ചിയിൽനിന്ന് പുറപ്പെട്ടു. പുലർച്ചെ മൂന്നരയോടെ വീട്ടിലെത്തി.

ഏറെനേരം കതകിൽ മുട്ടിയപ്പോൾ ഭാര്യയാണ് വാതിൽ തുറന്നത്. ഭർത്താവിനെ വിളിക്കാൻ പറഞ്ഞപ്പോൾ സവാദ് എത്തി. പേരുചോദിച്ചപ്പോൾ ഷാജഹാൻ എന്നു പറഞ്ഞു. ജോസഫിന്റെ കൈവെട്ടിയപ്പോൾ കൂടെയുണ്ടായിരുന്നവരുടെ കൈയിലുണ്ടായിരുന്ന ആയുധംകൊണ്ട് സവാദിന്റെ പുറത്ത് മുറിവേറ്റിരുന്നു. ഇത് തുന്നിക്കെട്ടിയതിന്റെ പാട് പുറത്തുണ്ടായിരുന്നു. ഇത് ഉദ്യോഗസ്ഥർക്ക് അറിയാമായിരുന്നു. ഷർട്ടുമാറ്റി പുറത്തെ ഈ പാട് കണ്ടെത്തിയ ഉദ്യോഗസ്ഥർ ഇത് എങ്ങനെയുണ്ടായതാണെന്ന് ചോദിച്ചു. മുള്ളുകൊണ്ടതാണെന്ന് മറുപടി പറഞ്ഞു. ചോദ്യം ചെയ്യൽ കടുപ്പിച്ചതോടെ താൻ സവാദാണെന്ന് സമ്മതിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button