ന്യൂഡൽഹി: ഡൽഹി-എൻസിആർ മേഖലയിൽ വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. അഫ്ഗാനിസ്ഥാനിലെ ഫൈസാബാദാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ഇതിന്റെ പ്രകമ്പനമാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ അനുഭവപ്പെട്ടത്. ഡൽഹി-എൻസിആറിന് പുറമേ, ചണ്ഡീഗഡ്, പഞ്ചാബ്, ജമ്മു കാശ്മീർ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ പിർ പഞ്ചലിന്റെ തെക്ക് മേഖലയിലാണ് ഭൂചലനം കൂടുതലായി അനുഭവപ്പെട്ടത്. പാകിസ്ഥാനിലും വലിയ തോതിൽ പ്രകമ്പനം ഉണ്ടായിട്ടുണ്ട്. ഉത്തരേന്ത്യൻ മേഖലയിൽ ഏറെ നേരം നീണ്ടുനിന്ന ഭൂചലനം ജനങ്ങളിൽ പരിഭ്രാന്തി പരത്തിയിട്ടുണ്ട്. നിലവിൽ, ആളപായമോ മറ്റു നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
Also Read: ‘അമ്മയിൽ നിന്ന് എനിക്കു ലഭിച്ച ഏറ്റവും മനോഹരമായ ഉപദേശങ്ങളിലൊന്നാണത്’: തുറന്ന് പറഞ്ഞ് എആർ റഹ്മാൻ
ഈ വർഷം ആദ്യം സമാനമായ രീതിയിൽ അഫ്ഗാനിസ്ഥാനിൽ രണ്ട് ഭൂചലനങ്ങൾ അനുഭവപ്പെട്ടിരുന്നു. 30 മിനിറ്റുകളുടെ വ്യത്യാസത്തിലാണ് അന്ന് ഭൂചലനം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 4.4, 4.8 എന്നിങ്ങനെ രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. 2023 ഡിസംബർ 12ന് റിക്ടർ സ്കെയിലിൽ 5.2 രേഖപ്പെടുത്തിയ ഭൂചലനം അഫ്ഗാനിസ്ഥാനിൽ റിപ്പോർട്ട് ചെയ്തിരുന്നു.
Post Your Comments