Latest NewsKeralaIndia

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന തീരുമാനം: കോൺഗ്രസിൽ ഭിന്നത

ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന തീരുമാനത്തിനെതിരെ കോൺഗ്രസിൽ അഭിപ്രായ ഭിന്നത. ചടങ്ങിൽ പങ്കെടുക്കുമെന്ന പ്രഖ്യാപനവുമായി ഹിമാചൽ പ്രദേശ് മന്ത്രി വിക്രമാദിത്യ സിങ് രംഗത്ത് വന്നിട്ടുണ്ട്. രാഷ്ട്രീയ തീരുമാനമെടുക്കുന്നതിൽ നിന്ന് കോൺഗ്രസിന് മാറി നിൽക്കാമായിരുന്നുവെന്നാണ് ഗുജറാത്തിൽ നിന്നുള്ള മുതിർന്ന നേതാവ് അർജുൻ മോദ്‍വാദിയ വ്യക്തമാക്കിയിരിക്കുന്നത്.

പുത്ര ധർമ്മം നിറവേറ്റുന്നതിനാണ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്നതെന്നാണ് വിക്രമാദിത്യ സിങ്ങിൻ്റെ വിശദീകരണം. തൻ്റെ പിതാവ് ശ്രീരാമഭക്തനായിരുന്നുവെന്നും വിക്രമാദിത്യ സിങ്ങ് വ്യക്തമാക്കി. വീർഭദ്ര സിങ്ങിന്റെ മകനെന്ന നിലയിൽ ചടങ്ങിൽ പങ്കെടുക്കേണ്ടത് തന്റെ കടമയെന്നാണ് ഹിമാചൽ പ്രദേശ് പൊതുമരാമത്ത് വകുപ്പ് മന്ത്രി വ്യക്തമാക്കി. രാഷ്ട്രീയക്കാരനായല്ല ചടങ്ങിൽ പങ്കെടുക്കുന്നതെന്നും വിശദീകരണം.

“ക്ഷണം ലഭിച്ചത് എനിക്കുവേണ്ടിയല്ല, അന്തരിച്ച എൻ്റെ പിതാവിനോടുള്ള ബഹുമാനത്തിലാണ്. ഞാൻ ആർഎസ്എസ്-വിഎച്ച്പിയുടെയും ബിജെപിയുടെയും ഹിന്ദു രാഷ്ട്ര പ്രത്യയശാസ്ത്രത്തെയും അവരുടെ ധ്രുവീകരണ നയങ്ങളെയും എതിർക്കുന്നു. ഞാൻ ഒരു സമർപ്പിത കോൺഗ്രസ് പ്രവർത്തകനാണ്, അതിൻ്റെ പ്രത്യയശാസ്ത്രത്തോട് വിശ്വസ്തനാണ്”, എന്നായിരുന്നു വിക്രമാദിത്യ സിങ്ങിൻ്റെ പ്രതികരണം.

മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു പോലും അയോധ്യ സന്ദർശിക്കാൻ ക്ഷണത്തിന്റെ ആവശ്യമില്ലെന്ന് പറഞ്ഞതും അദ്ദേഹം അനുസ്മരിച്ചു. അഞ്ച് തവണ ഹിമാചൽ പ്രദേശിൻ്റെ മുഖ്യമന്ത്രിയായിരുന്ന അന്തരിച്ച വീർഭദ്ര സിങ്ങിന്റെയും സംസ്ഥാന കോൺഗ്രസ് അധ്യക്ഷ പ്രതിഭ സിംഗിന്റെയും മകനാണ് വിരേന്ദ്ര സിങ്ങ്.

കോൺഗ്രസ് നേതാവായിരുന്ന വീരഭദ്ര സിങ്ങ് നേരത്തെ രാമക്ഷേത്ര നിർമ്മാണത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ചിരുന്നു. ക്ഷേത്രം പണിയാനുള്ള ധൈര്യം ബിജെപിക്ക് ഇല്ലെന്നും ധൈര്യമുണ്ടെങ്കിൽ അവർ ക്ഷേത്രം പണിയുമായിരുന്നുവെന്നും അവിടെ രാമക്ഷേത്രം പണിയാൻ വഴിയൊരുക്കണമെന്നുമായിരുന്നു വീരഭദ്ര സിങ്ങിൻ്റെ അഭിപ്രായം.

ഇസ്ലാം ഇന്ത്യയിലേയ്ക്ക് വന്നത് വൈകിയാണെന്നും അയോധ്യയിലെ ക്ഷേത്രം തകർത്താണ് പള്ളി നിർമ്മിച്ചതെന്നും വീർഭദ്ര സിങ്ങ് പറഞ്ഞിരുന്നു. അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതിനെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് വ്യക്തിപരമാണെന്നും വീരഭദ്ര സിങ്ങ് വ്യക്തമാക്കിയിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button