കൊച്ചി: മതനിന്ദ ആരോപിച്ച് അധ്യാപകന്റെ കൈവെട്ടിമാറ്റിയ കേസിലെ മുഖ്യ ആസൂത്രകനും ഒന്നാം പ്രതിയുമായ സവാദിനെ ഈ മാസം 24 വരെ റിമാന്‍ഡ് ചെയ്തു. കൊച്ചിയിലെ എന്‍ഐഎ കോടതിയാണ് സവാദിനെ റിമാന്‍ഡില്‍ വിട്ടത്. തിരിച്ചറിയല്‍ പരേഡ് നടത്തേണ്ടതുണ്ടെന്നും സവാദിനെ എറണാകുളം സബ് ജയിലിലേക്ക് അയക്കണമെന്നുമുള്ള എന്‍ഐഎയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ഷാജഹാന് എന്ന പേരിലാണ് സവാദ് ഇപ്പോള്‍ അറിയപ്പെടുന്നതെന്നും എന്‍ഐഎ കോടതിയെ അറിയിച്ചു.
13 വര്‍ഷമായി ഒളിവിലായിരുന്ന സവാദിനെ ഇന്ന് രാവിലെ കണ്ണൂര്‍ മട്ടന്നൂരില്‍ നിന്നാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. മട്ടന്നൂരില്‍ ഷാജഹാന് എന്ന പേരില്‍ ഒളിവില്‍ താമസിച്ച് ആശാരിപ്പണി ചെയ്ത് വരുന്നതിനിടയിലാണ് സവാദ് പിടിയിലായത്. എന്‍ഐഎയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് വീട് വളഞ്ഞ് പിടികൂടുകയായിരുന്നു. കൊച്ചി എന്‍ഐഎ ആസ്ഥാനത്തെത്തിച്ച പ്രതിയെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. 2010 ജൂലൈ 4 ന് തൊടുപുഴ ന്യുമാന്‍സ് കോളേജിലെ മലയാളം അധ്യാപകനായ പ്രൊഫസര്‍ ടി.ജെ ജോസഫിന്റെ കൈവെട്ടിമാറ്റിയത്. സംഭവത്തിന് പിറകെ കൈവെട്ടാന്‍ ഉപയോഗിച്ച മഴു അടക്കമുള്ള ആയുധവുമായി സവാദ് ഒളിവില്‍ പോകുകയിരുന്നു.
അതേസമയം, പ്രതിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ചതിന് പിന്നില്‍ ഉന്നതരുണ്ടെന്ന് പ്രൊഫ. ടിജെ ജോസഫ് പ്രതികരിച്ചു.
സവാദിനെ കസ്റ്റഡിയില്‍ വാങ്ങി വിശദമായ ചോദ്യം ചെയ്യലിനാണ് എന്‍ഐഎ തീരുമാനിച്ചിട്ടുള്ളത്. 13 വര്‍ഷം ഒളിവില്‍ കഴിയാന്‍ സഹായം ചെയ്തവര്‍ ആരൊക്കെ എന്നതടക്കമുള്ള വിവരങ്ങളാണ് ഇനി എന്‍ഐഎ അന്വേഷിക്കുന്നത്.
Post Your Comments