സോൾ: നായ മാംസ നിരോധന ബിൽ പാസാക്കി പ്രമുഖ ഏഷ്യൻ രാജ്യമായ ദക്ഷിണ കൊറിയ. നായകളെ കശാപ്പ് ചെയ്യുന്നതിനും, മാംസത്തിനായി വിൽക്കുന്നതിനുമാണ് ദക്ഷിണ കൊറിയ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഇത് നിയമവിരുദ്ധമാക്കാനുള്ള ബില്ലിന് ദക്ഷിണ കൊറിയൻ പാർലമെന്റ് അംഗീകാരം നൽകി. നിയമം 2027 ഓടെയാണ് പ്രാബല്യത്തിലാകുക. നിയമപ്രകാരം, നായകളെ കശാപ്പ് ചെയ്യുന്നവർക്ക് 3 വർഷം വരെയാണ് തടവ് ശിക്ഷ ലഭിക്കുക. കൂടാതെ, നായകളെ മാംസത്തിനായി വളർത്തുകയോ, വിൽക്കുകയോ ചെയ്താൽ പരമാവധി 2 വർഷം വരെയും തടവ് ശിക്ഷ ലഭിക്കും.
ദക്ഷിണ കൊറിയയിൽ ഏകദേശം നായ മാംസം വിൽക്കുന്ന 1600 റസ്റ്റോറന്റുകളും, 1150 നായ ഫാമുകളും ഉണ്ട്. ഇവയെല്ലാം ഘട്ടം ഘട്ടമായി പ്രവർത്തനം അവസാനിപ്പിക്കണമെന്ന് ദക്ഷിണ കൊറിയൻ ഭരണകൂടം വ്യക്തമാക്കി. നിയമം പ്രാബല്യത്തിലാകാൻ ഇനിയും 3 വർഷത്തെ സമയമുള്ളതിനാൽ നായ മാംസ വ്യാപാരവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കർഷകരും റസ്റ്റോറന്റ് ഉടമകളും തൊഴിലിനും വരുമാനത്തിനുമായി ബദൽ സ്രോതസുകൾ കണ്ടെത്തേണ്ടതാണ്.
ഓമന മൃഗങ്ങളായ നായകളെ വളർത്തുന്നതിന് പകരം, ഭക്ഷണത്തിനായി കൊല്ലുന്നതിനെതിരെ അന്താരാഷ്ട്ര തലത്തിൽ പോലും വലിയ രീതിയിലുള്ള വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ദക്ഷിണ കൊറിയക്ക് പുറമേ, ചൈനയും വ്യാപകമായ രീതിയിൽ നായയുടെ മാംസം ആഹാരത്തിനായി ഉപയോഗിക്കുന്നുണ്ട്. വിൽപ്പനയ്ക്കായി എത്തിക്കുന്ന നായകൾ അനുഭവിക്കുന്ന ക്രൂരതകൾ കണക്കിലെടുത്താണ് ദക്ഷിണ കൊറിയ നായ മാംസ നിരോധന ബിൽ പാസാക്കിയത്.
Post Your Comments