പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ അപകീർത്തികരമായ പരാമർശങ്ങളുടെ പശ്ചാത്തലത്തിൽ മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെതിരെ പടപ്പുറപ്പാടുമായി മറ്റു കക്ഷികൾ. പ്രസിഡന്റിനെ പുറത്താക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് മാലദ്വീപിലെ പാർലമെന്ററി ന്യൂനപക്ഷ നേതാവ് അലി അസിം ആവശ്യപ്പെട്ടു. ‘ഞങ്ങൾ, ഡെമോക്രാറ്റുകൾ, രാജ്യത്തിന്റെ വിദേശനയത്തിന്റെ സ്ഥിരത ഉയർത്തിപ്പിടിക്കാനും അയൽരാജ്യത്തെ ഒറ്റപ്പെടുത്തുന്നത് തടയാനും പ്രതിജ്ഞാബദ്ധരാണ്. പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെ അധികാരത്തിൽ നിന്ന് നീക്കം ചെയ്യാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ നിങ്ങൾ തയ്യാറാണോ? അവിശ്വാസ വോട്ട് ആരംഭിക്കാൻ തയ്യാറാണോ?’ എന്ന് അലി അസിം എക്സിൽ പറഞ്ഞു.
മോദിയുടെ ലക്ഷദ്വീപ് സന്ദർശനവുമായി ബന്ധപ്പെട്ട് മാലിദ്വീപ് മന്ത്രിമാർ നടത്തിയ അപകീർത്തികരമായ പരാമർശങ്ങൾ വിവാദമായിരിക്കുകയാണ്. മോദി പങ്കുവെച്ച ചിത്രങ്ങൾക്ക് താഴെ മൂന്ന് മാലിദ്വീപ് മന്ത്രിമാർ അപകീർത്തികരമായ പരാമർശങ്ങൾ നടത്തി. ഈ കമന്റുകൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി. മോദിയെ കോമാളിയെന്നും ഇസ്രായേലിന്റെ പാവയെന്നും അടക്കം അധിക്ഷേപിച്ചായിരുന്നു കമന്റുകൾ. ഇതോടെ ഈ മന്ത്രിമാർക്കെതിരെ രൂക്ഷമായ പ്രതികരണം സോഷ്യൽ മീഡിയയിൽ നിന്നുണ്ടായി.
ലക്ഷദ്വീപിനേയും മാലിദ്വീപിനേയും താരതമ്യം ചെയ്യുന്നതിനെ പരിഹസിച്ച് മാലിദ്വീപിലെ ഒരു ഭരണകക്ഷി നേതാവും പോസ്റ്റ് പങ്കുവെച്ചു. പ്രധാനമന്ത്രി മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ഇന്ത്യാ ടുഡേ വാർത്താ റിപ്പോർട്ട് പങ്കിട്ടുകൊണ്ടായിരുന്നു പരിഹാസം. ഇതോടെ ‘മാലിദ്വീപ് ബഹിഷ്‌കരിക്കുക’ എന്ന ഹാഷ്ടാഗ് ട്രെൻഡിങ് പട്ടികയിൽ മുന്നിലെത്തി.
അധിക്ഷേപ പരാമർശത്തിന് പിന്നാലെ മാലിദ്വീപ് മന്ത്രിമാരായ മൽഷ ഷെരീഫ്, മറിയം ഷിയൂന, അബ്ദുല്ല മഹ്സൂം മജീദ് എന്നിവരെ സസ്‌പെൻഡ് ചെയ്തു. മന്ത്രിമാരുടേത് വ്യക്തിപരമായ കാഴ്ചപ്പാടുകളാണെന്നും മാലിദ്വീപ് സർക്കാരിനെ പ്രതിനിധീകരിക്കുന്നില്ലെന്നുമായിരുന്നു സർക്കാർ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവന. സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തുന്ന വിദ്വേഷപരാമർശങ്ങൾക്കെതിരെ നടപടിയുണ്ടാകുമെന്നും സർക്കാർ വ്യക്തമാക്കി.
ദ്വീപസമൂഹങ്ങളിൽ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായുള്ള പ്രധാനമന്ത്രിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന് പിന്നാലെയാണ് വിവാദം തുടങ്ങിയത്. അതേസമയം, ഈ മാസം അവസാനത്തോടെ മാലിദ്വീപ് പ്രസിഡന്റ് ഇന്ത്യ സന്ദർശിക്കുമെന്നാണ് റിപ്പോർട്ടുകൾ. മാലിദ്വീപ് വിദേശകാര്യമന്ത്രാലയം ആണ് ഇതുമായി ബന്ധപ്പെട്ടവിവരം പുറത്തുവിട്ടത്. എന്നാൽ കേന്ദ്രവിദേശകാര്യ മന്ത്രാലയം ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. നിലവിൽ ഷി ജിംഗ് പിംഗുമായുള്ള കൂടിക്കാഴ്ചയ്ക്കായി ചൈനയിലാണ് മുയിസ്സു. ഇവിടെ നിന്നും നേരെ ഇന്ത്യയിലേക്ക് വന്നേക്കാമെന്നാണ് സൂചന.
പ്രധാനമന്ത്രിയെ നേരിട്ട് കണ്ട് അദ്ദേഹം കാര്യങ്ങൾ വിശദീകരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ മന്ത്രിമാർ നടത്തിയ പരാമർശം വിവിധ രംഗങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നാണ് മാലിദ്വീപ് ഭരണകൂടത്തിന്റെ വിലയിരുത്തൽ. പ്രധാനമന്ത്രിയ്‌ക്കെതിരായ പരാമർശം നിലവിൽ മാലിദ്വീപിന്റെ ടൂറിസം മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. ഇന്ത്യയിൽ നിന്നുള്ള നിരവധി പേരാണ് മാലിദ്വീപിലേക്കുള്ള യാത്ര ഒഴിവാക്കിയത്. ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം വഷളാക്കുന്നത് മാലിദ്വീപിന് ബുദ്ധിയല്ലെന്നാണ് നിലവിലെ വിലയിരുത്തൽ. മന്ത്രിമാരെ സസ്‌പെൻഡ് ചെയ്ത് തൽക്കാലത്തേക്ക് തടിതപ്പിയെങ്കിലും മുയിസുവിനെതിരെ പ്രതിഷേധം ശക്തമായി തുടരുകയാണ്.
Post Your Comments