Latest NewsKeralaNews

‘പാർലമെന്റിനകത്ത് അമിത് ഷായുടെയും നരേന്ദ്ര മോദിയുടെയും മുഖത്ത് നോക്കി ചോദ്യം ചോദിച്ച ആളാണ് ഞാൻ’: പ്രതാപൻ

തൃശൂർ: ബിജെപിയുടെയും ആർഎസ്എസിന്റെയും ഭീഷണി കണ്ട് ഭയപ്പെടുന്ന ആളല്ല താനെന്ന് കോൺഗ്രസ് നേതാവ് ടി എൻ പ്രതാപൻ. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും ജില്ലാ അധ്യക്ഷനും ഇന്നലെ ഭീഷണിപ്പെടുത്തിയെന്നും ഉമ്മാക്കി കാട്ടി പേടിപ്പിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു വർഗീയ ഫാഷിസ്റ്റ് ഭീഷണിക്കു മുന്നിലും പതറിപ്പോകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തൃശൂരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വന്ന വേദിക്ക് സമീപം ചാണക വെള്ളം തളിക്കാൻ യൂത്ത് കോൺഗ്രസ് നടത്തിയ ശ്രമത്തിനു പിന്നാലെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

തന്റെ ഇടതു കണ്ണിനു താഴെ ഒരു അടയാളം കാണാം. ഇത് എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ സ്‌കൂളിനകത്ത് ആർഎസ്എസുകാർ കയറി വന്ന് ഇടിക്കട്ട കൊണ്ട് ഇടിച്ചതാണ്. എന്നിട്ടും പതറി പിന്നോട്ട് പോയിട്ടില്ല. പാർലമെന്റിനകത്ത് അമിത് ഷായുടെയും നരേന്ദ്ര മോദിയുടെയും മുഖത്ത് നോക്കി ചോദ്യം ചോദിച്ച ആളാണ് താൻ. ന്യൂനപക്ഷത്തിലെ ഏതെങ്കിലും വർഗീയ ഫാഷിസ്റ്റുകളുടെ പേര് പറഞ്ഞ് വിരട്ടേണ്ട. ഒരു വർഗീയ ഫാഷിസ്റ്റുകളെയും അംഗീകരിക്കുന്നില്ലെന്നും ടി എൻ പ്രതാപൻ അറിയിച്ചു.

തൃശൂർ മതനിരപേക്ഷതയുടെ നാടാണ്. തൃശൂരിൽ കോൺഗ്രസ് സ്ഥാനാർഥി ഹൈക്കമാൻഡ് തീരുമാനിക്കുമ്പോൾ വരും. ജനപ്രതിനിധികൾക്കെതിരെയും ജനാധിപത്യ സംവിധാനത്തിനെതിരെയും സഭ്യത വിട്ട് കോൺഗ്രസ് സമര പരിപാടി നടത്തില്ല. ഒരു ഘട്ടത്തിൽ മുഖ്യമന്ത്രിക്കെതിരെ ഷൂ എറിഞ്ഞ കെഎസ്യു തന്നെ അതിൽനിന്ന് പിന്തിരിഞ്ഞു. കോൺഗ്രസിനു ചില സമരരീതികളുണ്ട്. മഹാത്മാ ഗാന്ധിയുടെയും ജവാഹർലാൽ നെഹ്‌റുവിന്റെയും സംസ്‌കാരത്തിൽ വരുന്നവരാണ് തങ്ങൾ. ആ സംസ്‌കാരത്തിന്റെ അതിർവരമ്പ് ലംഘിക്കുന്ന ഒരു സമരരീതിയും അനുവർത്തിക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button