തിരുവനന്തപുരം: കൊല്ലത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവവുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ അനാവശ്യ ചർച്ചകൾ നടത്തേണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി. മാധ്യമങ്ങള്‍ ബിരിയാണിയുടെ പിറകെ നടക്കേണ്ടതില്ലെന്നും കലോത്സവത്തിലെ കുട്ടികളുടെ കാര്യങ്ങളിൽ മാത്രം ശ്രദ്ധ പുലർത്തിയാൽ മതിയെന്നും ശിവൻകുട്ടി പറഞ്ഞു. കലോത്സവത്തില്‍ മത്സരങ്ങള്‍ നടക്കുന്നുണ്ടോയെന്നും പങ്കെടുക്കാന്‍ വരുന്ന കുട്ടികള്‍ക്കു സൗകര്യങ്ങളുണ്ടോയെന്നും മാത്രം മാധ്യമങ്ങള്‍ അന്വേഷിച്ചാല്‍ മതി.
സ്‌കൂള്‍ കലോത്സവത്തിലെ ഭക്ഷണം സംബന്ധിച്ച് അനാവശ്യ വിവാദം വേണ്ട. കലോത്സവ ഭക്ഷണം സംബന്ധിച്ചു കഴിഞ്ഞ വര്‍ഷം നടന്നതു ചര്‍ച്ചമാത്രമാണ്. ബോധപൂര്‍വം ആരും വിവാദം ഉണ്ടാക്കാതിരുന്നാല്‍ കൊല്ലത്തേത് ഏറ്റവും മികച്ച കലോത്സവമായി മാറുമെന്നും മന്ത്രി പറഞ്ഞു. വരും വര്‍ഷങ്ങളില്‍ നോണ്‍ വെജ് ഭക്ഷണം ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നു കഴിഞ്ഞ വര്‍ഷം കോഴിക്കോട്ടു നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനിടെ മന്ത്രി പറഞ്ഞിരുന്നു.
സ്കൂള്‍ കലോത്സവത്തിലെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയെന്നും ശിവൻകുട്ടി പറഞ്ഞു. ഇറച്ചിയും മീനും വിളമ്പാന്‍ കലോത്സവ മാന്വല്‍ പരിഷ്‌കരിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇത് കൂടുതല്‍ സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കുമെന്ന് വ്യക്തമായതോടെയാണ് ഇക്കുറിയും വെജ് ഭക്ഷണം മാത്രം ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. മന്ത്രിയുടെ അഭിപ്രായ പ്രകടനത്തോട് ചുവട് പിടിച്ചുണ്ടായ വിവാദങ്ങള്‍ക്ക് പിന്നാലെ ഇനി കലോത്സവത്തിന് ഭക്ഷണം ഒരുക്കാനില്ലെന്ന് പഴയിടം മോഹനൻ നമ്പൂതിരി പ്രഖ്യാപിച്ചതും വന്‍ ചര്‍ച്ചയായിരുന്നു. എന്നാല്‍, വെജിറ്റേറിയൻ ഭക്ഷണം മാത്രമേ വിളമ്പൂ എന്ന് സർക്കാർ വ്യക്തമാക്കിയതോടെ പഴയിടം മോഹനൻ നമ്പൂതിരി വീണ്ടും കലോത്സവത്തിന്‍റെ പാചകത്തിനുള്ള ടെൻഡര്‍ എടുക്കുകയായിരുന്നു.
Post Your Comments