പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനവും സ്വർണ വായ്പ വിതരണ രംഗത്തെ മുൻനിരക്കാരുമായ മുത്തൂറ്റ് ഫിനാൻസ് കടപ്പത്രങ്ങളിലൂടെ കോടികൾ സമാഹരിക്കുന്നു. റിപ്പോർട്ടുകൾ പ്രകാരം, ഓഹരികളാക്കി മാറ്റാൻ സാധിക്കാത്ത കടപ്പത്രങ്ങളിലൂടെ 1000 കോടി രൂപ സമാഹരിക്കാനാണ് മുത്തൂറ്റ് ഫിനാൻസ് ലക്ഷ്യമിടുന്നത്. ജനുവരി 8 മുതൽ കടപ്പത്രങ്ങളുടെ വിൽപ്പന ആരംഭിക്കുന്നതാണ്. ജനുവരി 19-ന് ഇഷ്യു അവസാനിപ്പിക്കുന്ന തരത്തിലാണ് ക്രമീകരണം. അതേസമയം, ബോർഡിന്റെ തീരുമാനം അനുസരിച്ച് ഇഷ്യു കാലാവധി നീട്ടുകയോ കുറയ്ക്കുകയോ ചെയ്യുന്നതാണ്.
1000 രൂപയാണ് കടപ്പത്രത്തിന്റെ മുഖവില നിശ്ചയിച്ചിട്ടുള്ളത്. അടിസ്ഥാന ഇഷ്യു വലിപ്പം 100 കോടി രൂപയാണെങ്കിലും, 900 കോടി രൂപ വരെ അധികം സ്വരൂപിക്കാനുള്ള അനുവാദം കമ്പനിക്ക് ഉണ്ട്. റേറ്റിംഗ് ഏജൻസിയായ ഐസിആർഎയുടെ ഡബിൾ എ പ്ലസ് സ്റ്റേബിൾ റേറ്റിംഗ് ഉള്ളവയാണ് മുത്തൂറ്റിന്റെ കടപ്പത്രങ്ങൾ. പ്രതിമാസ, വാർഷികം പലിശ, കാലാവധി റിഡംപ്ഷൻ ഉൾപ്പെടെ 7 നിക്ഷേപക ഓപ്ഷനുകൾ കടപ്പത്രത്തിന് ലഭ്യമാക്കിയിട്ടുണ്ട്. കടപ്പത്രങ്ങളിലൂടെ സമാഹരിക്കുന്ന തുക പ്രധാനമായും വായ്പ നൽകാനാണ് വിനിയോഗിക്കുക.
Post Your Comments