Latest NewsKeralaNews

‘ജെസ്‌നയെ എന്നെങ്കിലും കണ്ടെത്തും, മതപരിവർത്തനം നടന്നു എന്നതിന് തെളിവില്ല’: തച്ചങ്കരി

തിരുവനന്തപുരം: ജസ്ന തിരോധാനക്കേസിൽ സി.ബി.ഐയുടെ ക്ലോഷർ റിപ്പോർട്ട് സാങ്കേതികത്വം മാത്രമെന്ന് മുൻ ഡി.ജി.പി. ടോമിൻ ജെ തച്ചങ്കരി. അന്വേഷണ സമയത്ത് ലീഡുകൾ കിട്ടിയിരുന്നുവെന്നും കോവിഡ് കാലത്ത് അന്വേഷണം നിന്നുപോവുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജെസ്‌ന മരിയ ജെയിംസ് തിരോധാനക്കേസ് സി.ബി.ഐ അവസാനിപ്പിച്ചതിന്റെ പശ്ചാത്തലത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജെസ്‌നയെ കണ്ടെത്താനുള്ള അവസാന ശ്രമവും പരാജയപ്പെട്ടതോടെ സിബിഐ ക്ലോഷർ റിപ്പോർട്ട് തിരുവനന്തപുരം ചീഫ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചു. മൂന്ന് വർഷത്തോളമായി രാജ്യത്തിനകത്തും പുറത്തും ജെസ്‌നയ്ക്കായി അന്വേഷണം നടക്കുന്നുണ്ട്.

‘അന്വേഷിച്ച സമയത്ത് കേസ് ഡയറി പരിശോധിച്ചപ്പോൾ ജസ്നയെ അവസാനം കണ്ട സമയം, സ്ഥലം, പോയത് എങ്ങനെയാണ്, എങ്ങോട്ടേക്കാണ് തുടങ്ങിയ കാര്യങ്ങളിൽ വ്യത്യസ്തമായ ഒരു ലീഡ് കിട്ടി. അതുവെച്ച് അന്വേഷണം തുടർന്നു. കൈയെത്തും ദൂരത്ത് ജസ്ന എത്തി എന്നുവരെ കരുതിയ സമയമുണ്ടായിരുന്നു. അപ്പോഴാണ് കോവിഡ് വരുന്നത്. പോകേണ്ടിയിരുന്നത് കുമളി, തേനി വഴി തമിഴ്നാട്ടിലേക്കായിരുന്നു. എന്നാൽ പിന്നീട് ഒന്നരവർഷക്കാലത്തോളം കേരളം അടഞ്ഞു കിടന്നു. ഈ സമയത്ത് കുടുംബം കോടതിയിൽ പോവുകയും കേസ് സി.ബി.ഐയ്ക്ക് വിടുകയുമായിരുന്നു. കണ്ണികളായി അന്വേഷിച്ചു പോയ സമയത്ത് കേസ് തെളിയിക്കുമെന്നായിരുന്നു എല്ലാവരും വിചാരിച്ചത്’, തച്ചങ്കരി പറഞ്ഞു.

ജസ്ന ഒരു മരീചികയല്ലെന്നും ഈ പ്രപഞ്ചത്തിൽ ജീവിച്ചിരിക്കുകയോ മരിച്ചിരിക്കുകയോ ഉണ്ടെങ്കിൽ ജസ്നയെ സി.ബി.ഐ കണ്ടെത്തുമെന്നും പറഞ്ഞ അദ്ദേഹം, സി.ബി.ഐ.യെ കുറ്റം പറയാനാകില്ല എന്നും വ്യക്തമാക്കി. സംഭവത്തിൽ മതപരിവർത്തനം നടന്നു എന്ന് പറഞ്ഞാൽ അതിനുള്ള തെളിവ് കൊടുക്കണം. തെളിവില്ലാത്തത് കൊണ്ട് മതപരിവർത്തനം നടന്നോ ഇല്ലയോ എന്ന് പറയാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button