വിശാഖപട്ടണം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ പത്തുപേർ അറസ്റ്റിൽ. ഹോട്ടൽ മുറിയിൽ വെച്ചും ആർ കെ ബീച്ചിന് സമീപത്തുവെച്ചും പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിലാണ് പത്തുപേരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരിൽ ബീച്ചിലെ ഫോട്ടോഗ്രാഫർമാർ ഉൾപ്പെടെയുള്ളവരുണ്ടെന്നാണ് റിപ്പോർട്ട്. വിശാഖപട്ടണം, തൂനി, രാജമുണ്ഡ്രി സ്വദേശികളാണ് അറസ്റ്റിലായവരെന്നാണ് വിവരം. ഇവരെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല.
വിശാഖപട്ടണത്തെ ഒരു വീട്ടിൽ ജോലിചെയ്തിരുന്ന 17-കാരിയാണ് ബലാത്സംഗത്തിന് ഇരയായത്. അഞ്ചുദിവസത്തോളം പ്രതികൾ പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. ആൺസുഹൃത്ത് ഉൾപ്പെടെയുള്ളവരാണ് പെൺകുട്ടിയ്ക്ക് നേരെ പീഡനം നടത്തിയത്. ഇക്കഴിഞ്ഞ ഡിസംബർ 18-ന് പെൺകുട്ടിയെ കാണാതായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ പിതാവ് പോലീസിൽ പരാതി നൽകി. ഒരു യുവാവ് മകളെ ആർ കെ ബീച്ചിലേക്ക് കൊണ്ടുപോകുന്നതായി വിവരം ലഭിച്ചെന്നും പിതാവ് പോലീസിനോട് വ്യക്തമാക്കിയിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടി ഒഡീഷയിലുണ്ടെന്ന് വ്യക്തമായി. ഇതോടെ പോലീസ് സംഘം ഒഡീഷയിലെത്തി പെൺകുട്ടിയെ കണ്ടെത്തി തിരികെ നാട്ടിലെത്തിച്ചു.
എന്നാൽ പീഡനത്തിനിരയായ പെൺകുട്ടി തനിക്ക് നേരിടേണ്ട വന്ന ക്രൂരതകളെ കുറിച്ച് ആദ്യമൊന്നും വീട്ടുകാരോട് തുറന്നു പറഞ്ഞില്ല. പിന്നീട് ഡിസംബർ 30-നാണ് കൂട്ടബലാത്സംഗത്തെക്കുറിച്ച് പെൺകുട്ടി പോലീസിന് മൊഴി നൽകിയത്. തുടർന്ന് പോലീസ് കേസെടുക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. തന്റെ ആൺസുഹൃത്താണ് ആദ്യം പീഡനത്തിനിരയാക്കിയതെന്നും പിന്നീട് ഇയാളുടെ സുഹൃത്തും ബലാത്സംഗത്തിന് ഇരയാക്കിയെന്നും പെൺകുട്ടി മൊഴി നൽകി.
താൻ സ്നേഹിച്ച ആൺസുഹൃത്ത് വഞ്ചിച്ചതിന്റെ മനോവിഷമത്തിൽ ആത്മഹത്യ ചെയ്യാനായി ആർ കെ. ബീച്ചിലേക്ക് പോയ പെൺകുട്ടിയെ അവിടെയുണ്ടായിരുന്ന ഒരു ഫോട്ടോഗ്രാഫർ കണ്ടു. ഇയാൾ പെൺകുട്ടിയെ സമാധാനിപ്പിക്കുകയും ഇയാളുടെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും ചെയ്തു. പിന്നീട് ഇവിടെവെച്ച് ഇയാളും ഇയാളുടെ സുഹൃത്തുക്കളായ ഏഴുപേരും പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു.
Post Your Comments