Latest NewsKeralaNews

വോട്ട് ഭയം? ‘വീഞ്ഞും കേക്കും’ പിൻവലിച്ച് മന്ത്രി സജി ചെറിയാൻ; ആരെയും ഭയമില്ലെന്നും വാദം

കൊച്ചി: ക്രൈസ്തവ മേലധ്യക്ഷന്മാർക്കെതിരെയുള്ള വിവാദ പരാമർശത്തിൽ പ്രതികരണവുമായി മന്ത്രി സജി ചെറിയാൻ. വീഞ്ഞിന്റെയും കേക്കിന്റെയും പരാമർശം പിൻവലിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തന്റെ പരാമർശങ്ങളിൽ വന്ന ചില കാര്യങ്ങൾ പുരോഹിതർ സൂചിപ്പിച്ചുവെന്നും ആ ഭാഗം പിൻവലിക്കുന്നുവെന്നുമാണ് അദ്ദേഹം പറഞ്ഞത്. വിരുന്നിന്റെ ഭാഗമായി വീഞ്ഞും കേക്കും എന്നു പറഞ്ഞ ഭാഗം പ്രയാസമായി തോന്നിയിരിക്കാം. അങ്ങനെ തോന്നിയെങ്കിൽ വീഞ്ഞിന്റെയും കേക്കിന്റെയും പരാമർശം പിൻവലിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

എന്നാൽ, കേക്കിന്റെയും വീഞ്ഞിന്റെയും പ്രശ്‌നമല്ല താൻ ഉന്നയിച്ചത്. മണിപ്പുർ പ്രശ്‌നത്തിൽ തന്റെ രാഷ്ട്രീയ നിലപാടിൽ മാറ്റമില്ല. തന്റെ വ്യക്തിപരമായ അഭിപ്രായമാണ് പറഞ്ഞത്. അത് തന്റെ നിലപാട് മാത്രമായി കണ്ടാൽ മതി. ഖേദം പ്രകടിപ്പിക്കുന്നു. എല്ലാ ബിഷപ്പുമാരുമായും വ്യക്തിബന്ധമുണ്ട്. അവരെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചിട്ടില്ല. അങ്ങനെ ശ്രമിക്കുകയും ചെയ്യില്ല. ആരെയെങ്കിലും ഭയപ്പെട്ട്, കീഴ്‌പ്പെട്ട് പോകാൻ സാധിക്കില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ബിജെപിക്കെതിരെ രൂക്ഷ വിമർശനവും അദ്ദേഹം ഉന്നയിച്ചു. ന്യൂനപക്ഷങ്ങൾക്കെതിരെ തീവ്രമായ ആക്രമണങ്ങളും പ്രചാരണങ്ങളും അഴിച്ചുവിട്ട് തീവ്രഹിന്ദുത്വം വളർത്താനാണ് ബിജെപി ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ വർഷം ക്രിസ്ത്യൻ സമൂഹത്തിന് നേരെയുണ്ടായത് 700ഓളം ആക്രമണങ്ങളാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് അക്രമം കൂടുതൽ. ബിജെപി ഭരിച്ച 9 വർഷം കൊണ്ട് ആക്രമണത്തിന്റെ നിരക്ക് കുത്തനെ വർധിച്ചുവെന്നും അദ്ദേഹം അറിയിച്ചു. ക്രൈസ്തവ വിഭാഗങ്ങൾക്കെതിരായ കുറ്റകൃത്യങ്ങളുടെ കണക്കിൽ ഇന്ത്യ ഒൻപതാമതാണ്. മണിപ്പൂരിലെ സംഘർഷം തടയുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടു. 200ലേറെപ്പേർ മണിപ്പൂരിൽ കൊല്ലപ്പെട്ടു. മണിപ്പൂരിൽ മാസങ്ങൾ കഴിഞ്ഞിട്ടും സംഘർഷം തുടരുകയാണ്. പ്രധാനമന്ത്രി കലാപബാധിത പ്രദേശങ്ങൾ സന്ദർശിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. .

ക്രൈസ്തവ മേലധ്യക്ഷന്മാർക്കെതിരെ സജി ചെറിയാൻ നടത്തിയ പരാമർശം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. സംഭവത്തിന് പിന്നാലെ സജി ചെറിയാനും സർക്കാരിനുമെതിരെ വലിയ വിമർശനം ക്രൈസ്തവ സഭ നടത്തുകയും ചെയ്തു. ക്രൈസ്തവർക്കിടയിലെ വോട്ട് ചോർച്ചയ്ക്ക് വരെ പരാമർശം കാരണമായേക്കാമെന്ന ഭയമാണ് ഖേദപ്രകടനത്തിന്റെ കാരണമെന്നാണ് വിലയിരുത്തൽ.

കഴിഞ്ഞ ദിവസമാണ് മന്ത്രി സജി ചെറിയാൻ ക്രൈസ്തവ മേലധ്യക്ഷന്മാർക്കെതിരെ പരാമർശം നടത്തിയത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ സംഘടിപ്പിച്ച ക്രിസ്മസ് വിരുന്നിൽ പങ്കെടുത്തതിനെ വിമർശിച്ചായിരുന്നു സജി ചെറിയാന്റെ പരാമർശം. ചില ബിഷപ്പുമാർക്ക് ബിജെപി നേതാക്കൾ വിളിച്ചാൽ പ്രത്യേക രോമാഞ്ചമാണെന്നായിരുന്നു സജി ചെറിയാൻ പറഞ്ഞത്. പ്രധാനമന്ത്രിയെ കാണാൻ പോയ ആളുകൾക്കാർക്കും മണിപ്പൂരിനെപ്പറ്റി പറയാനുള്ള ആർജവമില്ലെന്നും മുന്തിരി വാറ്റിയതും കേക്കും കഴിച്ചപ്പോൾ മണിപ്പൂർ വിഷയം മറന്നുവെന്നുവെന്നും മന്ത്രി അഭിപ്രായപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button