KeralaLatest NewsNews

ജെസ്‌ന എവിടെ? കാത്തിരിപ്പിന്റെ 6 വർഷം; വഴിക്കണ്ണുമായി ഇപ്പോഴും കുടുംബം

തിരുവനന്തപുരം: പ്രമാദമായ ജെസ്‌ന മരിയ ജെയിംസ് തിരോധാനക്കേസ് അന്വേഷണം സിബിഐ അവസാനിപ്പിച്ചെങ്കിലും അനവധി ചോദ്യങ്ങളാണ് ഉത്തരം കിട്ടാതെ ഉള്ളത്. ജെസ്നയ്ക്ക് എന്ത് സംഭവിച്ചുവെന്ന് കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് സി.ബി.ഐ സമ്മതിക്കുമ്പോഴും മകൾ ഒരിക്കല്‍ തിരിച്ചു വരുമെന്ന വഴിക്കണ്ണുമായി ഇന്നും ജെസ്നയുടെ പിതാവ് കുന്നത്തുവീട്ടില്‍ കാത്തിരിക്കുകയാണ്. ഉത്തരമില്ലാത്തൊരു ചോദ്യം മാത്രം അവശേഷിപ്പിച്ച് ജെസ്‌ന പോയത് എവിടേക്കെന്ന് ആർക്കുമറിയില്ല.

ജസ്‌നയെ കണ്ടെത്താന്‍ കഴിഞ്ഞില്ല എന്ന ക്ലോഷര്‍ റിപ്പോര്‍ട്ട് സിബിഐ കോടതിയില്‍ സമര്‍പ്പിച്ചു. തിരോധാനം സംബന്ധിച്ച് കൂടുതൽ തെളിവുകൾ ലഭിക്കുമ്പോൾ തുടർ അന്വേഷണം നടത്താമെന്ന് സിബിഐ അറിയിച്ചു. സിബിഐ തിരുവനന്തപുരം യൂണിറ്റാണ് കേസ് അന്വേഷിച്ചത്. 2018 മാർച്ച് 22 നാണ് വെച്ചൂച്ചിറ കൊല്ലമുള കുന്നത്ത് ജെയിംസ് ജോസഫിന്റെ മകൾ ജെസ്ന മരിയയെ (20) കാണാതാകുന്നത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിൽ രണ്ടാം വർഷ ബി കോം വിദ്യാർഥിയായിരുന്നു. കാണാതായ ദിവസം മുണ്ടക്കയം പുഞ്ചവയലിലുള്ള ബന്ധുവീട്ടിലേക്ക് എന്ന് പറഞ്ഞ് പോയ ജസ്നയെ പിന്നീട് കണ്ടിട്ടില്ല. ആദ്യം ലോക്കൽ പൊലീസും പിന്നീട് ഐ ജിയുടെ നേതൃത്വത്തിലുള്ള സംഘവും അന്വേഷണം നടത്തിയെങ്കിലും ഫലം ഉണ്ടായില്ല.

അന്വേഷണ പുരോഗതിയില്ലെന്ന് കാട്ടി ജെസ്നയുടെ പിതാവ് 2021 ജനുവരിയിൽ ബിജെപി നേതാക്കളുടെ സഹായത്തോടെ പ്രധാനമന്ത്രിക്ക് പരാതി നൽകിയിരുന്നു. കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്, ജെസ്‌നയുടെ സഹോദരൻ ജെയ്സ് ജോൺ ജെയിംസ് എന്നിവരായിരുന്നു സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഇതേത്തുടർന്ന് 2021 ഫെബ്രുവരി 19നാണ് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.

ഇതിനിടെ പല കഥകൾ ഉണ്ടായി. ജെസ്‌ന ഒരു ഇസ്ലാമിക രാജ്യത്തുണ്ടെന്നും ജെസ്‌നയെ തീവ്രവാദികൾ വ്യാജ പാസ്‌പോർട്ടിൽ വിദേശത്തേക്ക് കടത്തിയതായി സംശയമുണ്ടെന്നും റിപ്പോർട്ട് വന്നിരുന്നു. ജെസ്‌നയെ കാണാതായ കേസ്, ലോക്കൽ പോലീസും ക്രൈം ബ്രാഞ്ചും മാറി മാറി അന്വേഷിച്ചിട്ടും യാതൊരു തുമ്പും കണ്ടെത്താൻ കഴിഞ്ഞില്ല. പോലീസിന്റെയും സി.ബി.ഐയുടെയും അന്വേഷണത്തിൽ ജെസ്‌ന വീട്ടിൽ നിന്ന് കണ്ണിമലയിലെ ബാങ്ക് കെട്ടിടത്തിൽ എത്തിയതിന് തെളിവുകൾ ലഭ്യമായി. ഇവിടെ നിന്നും ശിവഗംഗ എന്ന സ്വകാര്യ ബസിൽ കയറി. ഈ ബസിൽ തീവ്രവാദ സ്വഭാവമുള്ള സംഘടനയുമായി ബന്ധമുള്ളവരും ഉണ്ടായിരുന്നുവെന്നാണ് സി.ബി.ഐയുടെ കണ്ടെത്തൽ എന്നാണ് സൂചന. ഈ ബസിൽ യാത്ര ചെയ്ത രണ്ടു പേരെ സി.ബി.ഐ തിരിച്ചറിഞ്ഞു.

നിരവധി ഇടങ്ങളിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ, ജെസ്‌നയെ തീവ്രവാദികൾ കടത്തിക്കൊണ്ട് പോയതാകാമെന്ന നിഗമനത്തിൽ സി.ബി.ഐ എത്തി. ജെസ്‌നയെ കണ്ടെന്ന് പറഞ്ഞ് പലയിടങ്ങളിൽ നിന്നും ഫോൺ വന്നു. പക്ഷെ, എവിടെയും ജസ്‌നയെ മാത്രം കണ്ടില്ല. പോലീസ് ബാംഗ്ലൂർ, മാംഗ്ലൂർ, മൈസൂർ തുടങ്ങിയ ഇടങ്ങളിലൊക്കെ ജെസ്‌നയെ തേടിയിറങ്ങി. എന്നെങ്കിലും തൻ്റെ മകൾ തിരിച്ചു വരുമെന്നും അന്വേഷണ ഏജൻസികളിൽ വിശ്വാസമുണ്ടെന്നും ജെസ്നയുടെ പിതാവ് ജെയിംസ് പലതവണ വ്യക്തമാക്കി. ജെസ്നയെ കണ്ടു, ബോഡി കിട്ടി എന്നിങ്ങനെ ഓരോ ആളുകൾ വിളിച്ചു പറയുന്നതനുസരിച്ചു കേരളത്തിനകത്തും പുറത്തും ആ പിതാവും കുടുംബവും ഓടിയതിന് കണക്കില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button