ടോക്കിയോ: മധ്യ ജപ്പാനിൽ ചൊവ്വാഴ്ചയുണ്ടായ ശക്തമായ ഭൂകമ്പത്തിൽ മരണപ്പെട്ടവരുടെ എണ്ണം 48 ആയി ഉയർന്നു. 14 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ച മുതൽ ദ്വീപ് രാഷ്ട്രത്തിൽ 155 ഭൂകമ്പങ്ങൾ ഉണ്ടായിട്ടുണ്ട്. റിക്ടർ സ്കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും 6-ന് മുകളിൽ മറ്റൊരു ഭൂകമ്പവും ഉണ്ടായി. വലിയ ഭൂകമ്പം ഒരു മീറ്ററിലധികം ഉയരത്തിൽ സുനാമി തിരമാലകൾ ഉയർത്തി. വീടുകൾക്ക് കേടുപാടുകൾ വരുത്തി, ഒരു വലിയ തീപിടുത്തം ഒരു രാത്രി മുഴുവൻ നാശം വിതച്ചു.
തകർന്ന കെട്ടിടങ്ങൾ, തുറമുഖത്ത് മുങ്ങിയ ബോട്ടുകൾ, എണ്ണമറ്റ കത്തിനശിച്ച വീടുകൾ, ഒറ്റരാത്രികൊണ്ട് തണുത്തുറഞ്ഞ താപനിലയിൽ വൈദ്യുതിയില്ലാത്ത വീടുകൾ എന്നിവയുടെ എല്ലാം ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറലാണ്. ഭൂകമ്പത്തെത്തുടർന്ന് തിങ്കളാഴ്ച ജപ്പാൻ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം സുനാമി മുന്നറിയിപ്പുകളും നിർദ്ദേശങ്ങളും പുറപ്പെടുവിച്ചിരുന്നു. ഭൂകമ്പങ്ങൾ വ്യാപകമായ നാശനഷ്ടങ്ങൾക്ക് കാരണമായതായി ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ പറഞ്ഞു.
മേഖലയിലെ 32,000-ലധികം വീടുകളിൽ വൈദ്യുതിയില്ല. പ്രഭവകേന്ദ്രത്തിന് ചുറ്റുമുള്ള നിരവധി പ്രധാന ഹൈവേകൾ അടച്ചു, ടോക്കിയോയിൽ നിന്നുള്ള ബുള്ളറ്റ് ട്രെയിൻ സർവീസുകളും നിർത്തിവച്ചു. വരും ദിവസങ്ങളിൽ കൂടുതൽ ശക്തമായ ആഘാതങ്ങൾ ഉണ്ടായേക്കുമെന്ന് ജപ്പാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ടോക്കിയോ ഹനേഡ എയർപോർട്ടിന്റെ റൺവേയിൽ ഒരു വിമാനത്തിന് തീപിടിക്കുന്നത് നിരീക്ഷിച്ചതായി എൻഎച്ച്കെ റിപ്പോർട്ട് ചെയ്തു. ജപ്പാനിലെ ഭൂകമ്പ സ്കെയിലിൽ ഉയർന്ന 5 തീവ്രതയുള്ള ഭൂകമ്പം ഇഷികാവയെ ബാധിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
Post Your Comments