തൊഴിലാളിയെ മരത്തിൽ കെട്ടിയിട്ട് അടിച്ചുകൊന്ന സംഭവത്തിൽ മൂന്ന് പേര് അറസ്റ്റിൽ. തമിഴ്നാട് തിരുപ്പൂർ ഉദുമൽപേട്ട താന്തോണിയിലാണ് സംഭവം. കോഴികളെ മോഷ്ടിക്കാനെത്തിയെന്ന് തെറ്റിദ്ധരിച്ചാണ് തൊഴിലാളിയെ ആക്രമിച്ചത്. പൊള്ളാച്ചിസ്വദേശി ചെങ്കോട്ടൈയാണ് (55) ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ഇയാളുടെ കൂടെയുണ്ടായിരുന്ന ബന്ധു കുമാറിനെ (25) സാരമായ പരിക്കുകളോടെ ഉദുമൽപേട്ട സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് ഒളിവിൽ പോയ പ്രദേശത്ത് നിന്ന് തന്നെയുള്ള എസ്. സെൽവകുമാർ (33), കെ.ശശികുമാർ (39), കെ.ചെല്ലദുരൈ (25) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
ചില്ലറസാധനങ്ങൾ വില്പന നടത്താനായിട്ടാണ് ചെങ്കോട്ടൈയും കുമാറും താന്തോണിയിൽ വന്നത്. അവിടെവച്ച് പ്രതികൾ ഇരുവരെയും കോഴിമോഷ്ടാക്കൾ എന്ന് ആരോപിച്ച് മരത്തിൽ കെട്ടിയിട്ട് വടികൊണ്ട് ക്രൂരമായി മർദിക്കുകയായിരുന്നു. പരിക്കേറ്റവരെ ആംബുലൻസിൽ ഉദുമൽപേട്ട സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചെങ്കോട്ടൈ മരിച്ചു.
Post Your Comments