തിരുവനന്തപുരം: നിയുക്ത മന്ത്രി കെ ബി ഗണേഷ് കുമാറിന് സിനിമ വകുപ്പ് നല്‍കേണ്ടതില്ലെന്ന് സിപിഎം തീരുമാനം. നിലവില്‍ ഗതാഗത വകുപ്പ് മാത്രം ഗണേഷിന് നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. സിനിമ വകുപ്പ് കൂടി ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടിരുന്നു. ഇന്ന് നടന്ന ചർച്ചയിലാണ് സി.പി.എം ഇക്കാര്യം തീരുമാനിച്ചത്. കടന്നപ്പള്ളി രാമചന്ദ്രനും കെബി ഗണേഷ് കുമാറും ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. ഗണേഷിന് ഗതാഗതവും കടന്നപ്പള്ളിക്ക് തുറമുഖവകുപ്പും തന്നെയാണ് നല്‍കുന്നത്.
രാജ്ഭവനില്‍ 4 മണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുക്കും. മുഖ്യമന്ത്രിയും, മന്ത്രിമാരും, കക്ഷി നേതാക്കളും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും. പ്രതിപക്ഷം ബഹിഷ്കരിക്കും. മൂന്നാം തവണയാണ് രണ്ടുപേരും മന്ത്രിമാരാകുന്നത്.
ഗണേഷ് കുമാറിന് ഗതാഗതവും കടന്നപ്പള്ളിക്ക് തുറമുഖ വകുപ്പുമാണ് ലഭിക്കുക. തുറമുഖ- പുരാവസ്തു വകുപ്പ് മന്ത്രിയായി കടന്നപ്പള്ളി രണ്ടാം പിണറായി മന്ത്രിസഭയിലും എത്തും. എല്‍ഡിഎഫിലെ മുന്‍ധാരണ പ്രകാരമാണ് രണ്ടര വര്‍ഷത്തിന ശേഷമുള്ള മന്ത്രിസഭയിലെ അഴിച്ചുപണി. മുന്നണി ധാരണപ്രകാരം ഐഎന്‍എല്ലിലെ അഹമ്മദ് ദേവര്‍കോവില്‍, ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ ആന്റണി രാജു എന്നിവര്‍ രാജിവെക്കുന്ന ഒഴിവിലേക്കാണ് ഗണേഷും കടന്നപ്പള്ളിയും എത്തുന്നത്.
കേരള കോൺഗ്രസ് ഡെമോക്രാറ്റിക്, ഐഎൻഎൽ, കേരള കോൺഗ്രസ് (ബി), കോൺഗ്രസ് (എസ്) എന്നീ ഒറ്റ എംഎൽഎമാരുള്ള എൽഡിഎഫ് ഘടകകക്ഷികൾക്കും മന്ത്രിസഭാ പ്രാതിനിധ്യം നൽകാൻ രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ രൂപീകരണ വേളയിൽ തീരുമാനിച്ചിരുന്നു. രണ്ടര വർഷത്തിന് ശേഷം മന്ത്രിസ്ഥാനം ഒഴിയുമെന്ന ധാരണയിലാണ് കേരള കോൺഗ്രസ് ഡെമോക്രാറ്റിക് പ്രതിനിധി ആന്റണി രാജുവിനെയും ഐഎൻഎല്ലിലെ അഹമ്മദ് ദേവർകോവിലിനെയും മന്ത്രിയാക്കിയത്.
Post Your Comments