വയനാട്: വയനാട് വാകേരി സിസിയിൽ വീണ്ടും കടുവ സാന്നിധ്യം. വർഗീസ് എന്ന കർഷകന്റെ ആടിനെ കൊന്നു. രാത്രി ഒമ്പതരയോടെയാണ് സംഭവം. ഞാറക്കാട്ടിൽ സുരേന്ദ്രന്റെ പശുവിനെ കഴിഞ്ഞ ദിവസം കടുവ കൊന്നിരുന്നു.
വയനാട് വാകേരിയിലെ ജനങ്ങളെ ഭീതിയിലാഴ്ത്തിയ നരഭോജി കടുവ കൂട്ടിലായിരുന്നു. കൂടല്ലൂർ കോളനി കവലയിലെ കൂട്ടിലാണ് കടുവ കുടുങ്ങിയത്. ആദ്യം സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയിരിക്കുന്നത്. ഒമ്പത് ദിവസത്തെ തിരച്ചിലിനൊടുവിലാണ് വനം വകുപ്പ് കടുവയെ പിടികൂടിയത്.
ഇതിനു പിന്നാലെയാണ് ഇവിടെ വീണ്ടും കടുവാ സാന്നിധ്യമുണ്ടായത്. വാകേരി സിസി സ്വദേശി ഞാറക്കാട്ടിൽ സുരേന്ദ്രന്റെ വീടിന് പരിസരത്തെത്തിയ കടുവ പശുവിനെ ആക്രമിച്ച് കൊന്നു.
രാവിലെ നടക്കാൻ ഇറങ്ങിയപ്പോഴാണ് പശു തൊഴുത്തിന് പുറത്ത് നിൽക്കുന്നത് സുരേന്ദ്രൻ കണ്ടെത്തിയത്. പശുക്കിടാവിനെ തിരഞ്ഞപ്പോൾ തൊഴുത്തിനകത്ത് പാതി തിന്ന നിലയിലുള്ള ശരീരം കണ്ടെത്തി. പശുക്കിടാവിനെ കടുവ ആക്രമിച്ചെന്നാണ് നിഗമനം. സമീപത്ത് കടുവയുടെ കാൽപ്പാടുകളുമുണ്ട്. എട്ട് മാസം പ്രായമായ പശുക്കിടാവാണ് ചത്തത്.
വാകേരിയിൽ നിന്ന് വനംവകുപ്പ് പിടികൂടിയ നരഭോജി കടുവയെ കണ്ടെത്തിയ സ്ഥലത്ത് നിന്ന് അഞ്ച് കിലോമീറ്റർ മാത്രം മാറിയാണ് പശുക്കിടാവിനെ കൊന്ന സ്ഥലം. ഇതോടെ വലിയ ഭീതിയിലാണ് പ്രദേശ വാസികൾ.
Post Your Comments